മലപ്പുറം : ഹോട്ടലിൽ നിന്ന് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത്. മലപ്പുറം വേങ്ങേരിയിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അത് പഴകിയതാണെന്ന് പറയുകയും പരാതി നൽകാതിരിക്കാൻ നാൽപ്പതിനായിരം രൂപ രൂപ ആവശ്യപ്പെടുകയും ചെയ്തതായി ഹോട്ടലുടമ വെളിപ്പെടുത്തി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പരാതി നൽകി ഹോട്ടൽ പൂട്ടിക്കുകയാണ് സംഘത്തിന്റെ പതിവ്. ഇത്തരത്തിൽ വേങ്ങേരിയിലെ മറ്റൊരു ഹോട്ടലും ഇവർ പൂട്ടിച്ചിട്ടുണ്ട്.
നാലംഗ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ഹോട്ടലുടമ പറഞ്ഞു. ഹോട്ടലിൽ കയറി ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച ശേഷം അവസാനത്തെ കഷ്ണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ഇവർ ആരോപിക്കുകയായിരുന്നു. തുടർന്ന് ഉടമയുടെ മൊബൈൽ നമ്പർ വാങ്ങി മടങ്ങിയ ഇവർ പിന്നീട് വിളിച്ച് നാൽപ്പതിനായിരം രൂപ ആവശ്യപ്പെട്ടു.
തങ്ങൾ പരാതി നൽകി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാൽ ഒറ്റദിവസം കൊണ്ട് ഹോട്ടലിന്റെ കഥ കഴിയുമെന്നാണ് സംഘം പറഞ്ഞത്. മൂന്നാഴ്ച മുൻപ് വേങ്ങരയിലെ മന്തി ഹൗസ് പൂട്ടിച്ചതു തങ്ങളാണന്നും സംഘം അവകാശപ്പെട്ടു. പലവട്ടം തർക്കിച്ച ശേഷം ഇരുപത്തിയയ്യായിരം രൂപ നൽകിയാൽ ഹോട്ടലിനെതിരെ പരാതി നൽകില്ലെന്നും സംഘം അറിയിച്ചതായി ഹോട്ടലുടമ പറഞ്ഞു.
Comments