തൃശൂർ : ഗുരൂവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ പുനർലേലത്തിന് വെയ്‌ക്കുന്നു. ഈ മാസം ആറിന് രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ച് ലേലം നടക്കും. നേരത്തെ ഈ വാഹനം 15.10 ലക്ഷം രൂപയ്‌ക്ക് പ്രവാസിയായ അമൽ മുഹമ്മദ് ലേലം ഉറപ്പിച്ചിരുന്നെങ്കിലും ശരിയായ രീതിയിലല്ല ഇത് നടന്നതെന്ന് ആരോപിച്ച് പരാതികൾ ലഭിക്കുകയായിരുന്നു.
അന്ന് ലേലത്തിൽ പങ്കെടുത്തത് ഒരാൾ മാത്രമായിരുന്നു. പ്രവാസിയായ അമൽ മുഹമ്മദ് അലി 15.10 ലക്ഷം രൂപയ്‌ക്കായിരുന്നു അന്ന് ലേലം ഉറപ്പിച്ചത്. വേണ്ടത്ര പ്രചാരവും സമയവും നൽകാതെ തിടുക്കത്തിലാണ് അന്ന് ലേലം നടത്തിയത് എന്ന് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ദേവസ്വം കമ്മീഷണർ വീണ്ടും ലേലം നടത്താൻ തീരുമാനിച്ചത്.
ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതൽ പ്രചാരണം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലം വിളിക്കുന്ന തുകയിലും വ്യത്യാസമുണ്ടാകുമെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകിയതാണ് വാഹനം. തുടർന്ന് ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച വാഹനം ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Comments