ലക്‌നൗ: പ്രതീക്ഷ കൈവിടരുതെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ലക്‌നൗവിൽ നടന്ന ‘നവ സങ്കൽപ് ശിവിറിൽ’ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
ഇത് പ്രതീക്ഷ നഷ്ടപ്പെടാനുള്ള സമയമല്ലെന്ന് പ്രിയങ്ക കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ശക്തമായി പോരാടിയ യുപിയിലെ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിക്കുകയാണെന്നും പ്രിയങ്ക അറിയിച്ചു.
യുപിയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എങ്ങനെ പോരാടിയെന്ന് രാജ്യം മുഴുവൻ കണ്ടതാണ്. ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ പോരാട്ടം പ്രചോദനമായെന്ന് ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിൽ പലരും തന്നോട് പറഞ്ഞിരുന്നു. പോരാടിയെങ്കിലും ദയനീയമായി പരാജയപ്പെട്ടുവെന്ന കാര്യം സത്യമാണ്. എന്നാൽ ഇത് പ്രതീക്ഷ നഷ്ടപ്പെടാനുള്ള സമയല്ലെന്ന് പ്രിയങ്ക വാദ്ര വ്യക്തമാക്കി.
കനത്ത വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പാർട്ടിയെ വിട്ടുപോകാതെ പ്രത്യയശാസ്ത്രത്തിനൊപ്പം നിന്നവർ പ്രതീക്ഷ കൈവിടാതെ ഇനിയും പോരാടുമെന്നും പ്രിയങ്ക ലക്‌നൗവിൽ പറഞ്ഞു. യുപിയിൽ കോൺഗ്രസിന്റെ പുനരുജ്ജീവനത്തെക്കുറിച്ച ചർച്ച ചെയ്യുന്നതിനാണ് ദ്വിദിന ‘നവ് സങ്കൽപ് ശിവിർ’ സംഘടിപ്പിച്ചത്. വ്യാഴാഴ്ചയോടെ ശിബിരം സമീപിക്കും.
Comments