അഹമ്മദാബാദ് : ഗുജറാത്തിൽ കോൺഗ്രസ് വിട്ട പട്ടീദാർ നേതാവ് ഹാർദ്ദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ഗാന്ധി നഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ സിആർ പട്ടേലാണ് ഹാർദ്ദിക്കിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കൂടുതൽ കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുമെന്ന് ഹാർദ്ദിക് പറഞ്ഞു.
കോൺഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും ബിജെപിയിലേക്ക് ചേക്കേറുകയാണ്. മണിനഗറിൽ കോൺഗ്രസ് സ്ഥാനാർഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശ്വേത സാമ്പത്തിക വിദഗ്ധ കൂടിയാണ്.
ദുർഗ്ഗാ പൂജയും ഗോ പൂജയടക്കം നടത്തിയ ശേഷമാണ് ഹാർദ്ദിക് ബിജെപിയിൽ ചേരാനായി യാത്ര തിരിച്ചത്. ഗാന്ധിനഗറിൽ ബിജെപി പ്രവർത്തകർ തുറന്ന വാഹനത്തിൽ ഹാർദ്ദിക്കിനെ പാർട്ടി ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പാട്ടീൽ ഹാർദ്ദികിന് പാർട്ടിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൈന്യത്തിലെ ചെറുസൈനികനായി പ്രവർത്തിക്കുമെന്നാണ് ഹാർദ്ദിക് പട്ടേൽ പറഞ്ഞത്. കോൺഗ്രസ് നിർജ്ജീവമായിക്കഴിഞ്ഞു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ട് വരാൻ പ്രത്യേകം ക്യാമ്പെയിൽ ആരംഭിക്കുമെന്നും ഹാർദ്ദിക് പറഞ്ഞു. ഒരോ പത്ത് ദിവസത്തിലും ഇതിനായി പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിക്കുമെന്നും ഹാർദ്ദിക് വ്യക്തമാക്കി.
















Comments