ന്യൂഡൽഹി: രാജ്യത്ത് ‘പിഎം ശ്രീ സ്‌കൂളുകൾ’ സ്ഥാപിക്കുമെന്നും അതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ‘പിഎം ശ്രീ സ്‌കൂളുകൾ’ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ലബോറട്ടറിയായി മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗുജറാത്തിൽ സംഘടിപ്പിച്ച ദ്വിദിന വിദ്യാഭ്യാസ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിനഗറിൽ നടക്കുന്ന കോൺഫറൻസിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച ചർച്ചകളും സജീവമായിരുന്നു.
ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി രാജ്യത്തെ മാറ്റുന്നതിനുള്ള അടിത്തറയാണ് സ്‌കൂൾ വിദ്യാഭ്യാസം. അതുകൊണ്ടാണ് പി.എം ശ്രീ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചത്. ‘ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ’ ലബോറട്ടറിയാകും ഈ പി.എം ശ്രീ സ്‌കൂളുകളെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ സ്‌കൂളുകൾ പ്രാവർത്തികമാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ മേഖലയിൽ നിന്നും നിർദേശങ്ങൾ ആവശ്യമാണെന്നും അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
ആഗോള ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമായ ഇന്ത്യയെയാണ് സജ്ജമാക്കേണ്ടത്. രാജ്യത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വരുന്ന 25 വർഷം ഏറെ നിർണായകമാണ്. എല്ലാവരും സഹകരിച്ച് പ്രവർത്തിക്കുകയും ഓരോരുത്തരുടെയും അനുഭവങ്ങളിൽ നിന്നും തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ ഇന്ത്യയെ ഉന്നതികളിലെത്തിക്കാനും പഠനം കൂടുതൽ ഊർജ്ജസ്വലമാക്കാനും കഴിയുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
Comments