എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോട് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദമായി തന്നെ എൽഡിഎഫ് നേതൃത്വം പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം, 2021 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ എൽഡിഎഫിന് വോട്ട് വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്‌ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എൽഡിഎഫ് എന്നും മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പിന് താഴെ രസകരമായ മറുപടികളാണ് പ്രത്യക്ഷപ്പെടുന്നത്. ഡോക്ടറെ തേച്ചില്ലെ, ഇതിലും നല്ലത് രണ്ടാംസ്ഥാനമുണ്ടെന്ന് പറയുന്നതായിരുന്നു, ഈ ഗുളിക കുഴപ്പമില്ല രണ്ടു നേരം കഴിച്ചാ മതി എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.
വോട്ടെടുപ്പ് പകുതി പൂർത്തിയാക്കും മുൻപേ തോൽവി സമ്മതിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പ്രതികരിച്ചിരുന്നു. പൂർണ്ണ ഉത്തരവാദിത്വം തങ്ങളുടേതാണന്നും മുഖ്യമന്ത്രി മുന്നിൽ നിന്നല്ല പ്രചാരണം നയിച്ചതെന്നും മാദ്ധ്യമങ്ങളോട് സിഎൻ മോഹനൻ പ്രതികരിച്ചു.
യുഡിഎഫിന്റെ വിജയത്തെ പരിഹസിച്ചു കൊണ്ടാണ് എംഎം മണി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. അതേസമയം, ജനവിധി അംഗീകരിക്കുന്നുവെന്നും വിശദമായി പഠിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
















Comments