തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ന്യായീകരണങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ് സിപിഎം നേതാക്കൾ. തോൽക്കാനുണ്ടായ കാരണങ്ങൾ അംഗീകരിക്കാതെ, യുഡിഎഫിന് അനുകൂല അന്തരീക്ഷമുണ്ടായെന്ന് മാത്രം ചൂണ്ടിക്കാട്ടുന്ന ഇടതുനേതാക്കൾക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകുകയാണ് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
തൃക്കാക്കരയിലെ ഫലത്തിന് ശേഷം വന്നതും വരാനിരിക്കുന്നതുമായ ചില പ്രസ്താവനകളെന്ന് വിശേഷിപ്പിച്ചാണ് തിരുവഞ്ചൂർ ഇതിന് മറുപടി നൽകിയത്. മരത്തോക്കിന് മണ്ണുണ്ട എന്ന പദപ്രയോഗത്തിലൂടെ അദ്ദേഹം ന്യായീകരണങ്ങളെ വിശദമാക്കി.
1.മുഖ്യമന്ത്രിയല്ല തൃക്കാക്കരയെ നയിച്ചത്, ജില്ലാകമ്മിറ്റി വിളിച്ചപ്പോൾ വന്നുവെന്ന് മാത്രം’ 2. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്’, 3.കെ-റെയിൽ തോൽവിക്ക് കാരണമല്ല’ തുടങ്ങി സിപിഎം നേതാക്കൾ പറയാനുദ്ദേശിക്കുന്ന പത്ത് ന്യായീകരണങ്ങളാണ് തിരുവഞ്ചൂർ രേഖപ്പെടുത്തിയത്.
പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരും ഇടതുപക്ഷ നവോത്ഥാന ബുദ്ധിജീവികളും ഉട്ടോപ്യൻ ന്യായങ്ങളുമായി കളം നിറയുകയാണെന്നും ചെലോൽത് ശരിയാകും ചെലോൽത് ശരിയാകൂലായെന്ന് ആലോചിച്ച് സമാധാനിച്ചാൽ മതിയെന്നും ഓർമ്മിപ്പിച്ചാണ് അദ്ദേഹം മറുപടി അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
——————————————————————————-
“മരത്തോക്കിനു മണ്ണുണ്ട…”
——————————————————————————-
വന്നതും, വരാനിരിക്കുന്നതുമായ ചില പ്രസ്താവനകൾ:
1. മുഖ്യമന്ത്രിയല്ല തൃക്കാക്കരയിൽ ഇടതുപക്ഷത്തെ നയിച്ചത്. ജില്ലാകമ്മിറ്റി വിളിച്ചപ്പോൾ വന്നു എന്ന് മാത്രം.
2. യുഡിഎഫിനെ മഴവിൽ സഖ്യമാണ് ജയിപ്പിച്ചത്.
3. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്.
4. തോൽവിയെപ്പറ്റി ആഴത്തിൽ ഇഴ കീറി പരിശോധിക്കും.
5. ഇത് സർക്കാരിന്റെ വിലയിരുത്തലല്ല, എൽഡിഎഫിന്റെ വികസന രാഷ്‌ട്രീയത്തിനുള്ള തിരിച്ചടിയല്ല.
6. സൂക്ഷ്മമായി വിലയിരുത്തിയാൽ 2021- നേക്കാൾ എൽഡിഎഫിന് വോട്ട് വർദ്ധിച്ചു.
7. യുഡിഎഫും, ബിജെപിയും തമ്മിൽ ഒരു അന്തർധാര സജീവമായിരുന്നു.
8. കെ. വി. തോമസ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമല്ലായിരുന്നു.
9. ഈ ജയം രാഷ്‌ട്രീയപരമല്ല കേവലം വൈകാരിക ജയം മാത്രമാണ്.
10. കെ റെയിൽ തൃക്കാക്കരയിൽ ഒരു വിഷയമേ ആയിരുന്നില്ല.
ഉട്ടോപ്യൻ ന്യായങ്ങളുമായി പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരും, ഇടതുപക്ഷ നവോത്ഥാന ബുദ്ധിജീവികളും കളം നിറയുകയാണ്. മുഖ്യമന്ത്രിയും, 20 മന്ത്രിമാരും, 60 എംഎൽഎമാരും കാടിളക്കി നടത്തിയ “അബദ്ധ വികസന” പ്രചാരണത്തെ തൃക്കാക്കരക്കാർ തിരിച്ചറിഞ്ഞു എന്നതാണ് ഈ വൻ വിജയം സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞ “അബദ്ധവും, സൗഭാഗ്യവും” മുഖ്യമന്ത്രിയുടെ തന്നെ പാർട്ടിക്കാർ വിലയിരുത്തട്ടെ.
പാഴൂർ പടിപ്പുരയിൽ നിന്ന് പഠിച്ചിറങ്ങിയത് പോലെ എൽഡിഎഫ് കൺവീനർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഏതാണ്ട് ശരിയായി; ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ. പക്ഷെ ജയിച്ചത് ഉമ തോമസ് ആയിപ്പോയി. അതിപ്പോൾ “ചിലത് ശരിയാകും, ചിലത് ശരിയാകൂല്ല” എന്നോർത്ത് സമാധാനിച്ചാൽ മതി.
















Comments