അമരാവതി: ആന്ധ്രാപ്രദേശിലെ ലബോറട്ടറി കമ്പനിയിൽ നിന്നുണ്ടായ വാതക ചോർച്ചയിൽ 178 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വിശാഖപട്ടണത്തെ അച്യുതപുരത്താണ് സംഭവം. പോറസ് ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് വാതക ചോർച്ചയുണ്ടായത്.
ആദ്യം കമ്പനിയിലെ തൊഴിലാളികളായ 30 വനിതകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരുടെ എണ്ണം വർദ്ധിച്ച് വരികയായിരുന്നു. നിലവിൽ 178 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആന്ധ്രയിലെ വ്യവസായ മന്ത്രി ഗുഡിവാഡ അമർനാഥ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശം.
അതേസമയം വാതക ചോർച്ച എങ്ങനെ സംഭവിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ ഫയർ ഓഫീസർ ലക്ഷ്മൺ സ്വാമി വ്യക്തമാക്കി. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
















Comments