തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ ഇത്തവണ 20 ശതമാനം കുറവുണ്ടാകുമെന്ന് നിഗമനം. കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണമാകുകയെന്നും കേരളത്തിൽ മൺസൂൺ ജൂൺ രണ്ടാം വാരത്തോടെ ഊർജിതമാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ കാലവർഷം മേയ് 29-ന് എത്തിയെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. എന്നാൽ കാലവർഷം വന്നതായി പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും സംസ്ഥാനത്ത് മഴ ശക്തമായില്ല. ചിലയിടങ്ങളിൽ നേരിയ തോതിൽ മഴയുണ്ടെങ്കിലും ശക്തമായ മഴ ലഭിച്ചിരുന്നില്ല. ഒടുവിൽ പുറത്തുവരുന്ന നിർദേശങ്ങൾ പ്രകാരം ജൂൺ ഏഴിന് ശേഷം കേരളത്തിൽ കാലവർഷം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ജൂൺ ഏഴ് മുതൽ മഴക്കനുകൂലമായി അന്തരീക്ഷ സ്ഥിതി മെച്ചപ്പെടുമെന്നാണ് വിദഗ്ദരുടെ പ്രവചനം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന് പുറത്തായതിനാൽ കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിന് തടസമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Comments