ശ്രീനഗർ: ജമ്മുകശ്മീരിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ പോലീസ് പിടികൂടി. കശ്മീരിലെ കിഷ്ത്വാറിൽ നിന്നാണ് ഹിസ്ബുൾ ഭീകരനായ താലിബ് ഹുസൈൻ ഗുജ്ജാറിനെ പിടികൂടിയത്. ഇയാൾ റാഷ്ഗ്വാരി പദ്യാർന ഗ്രാമത്തിലാണ് വസിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
17 രാഷ്‌ട്രീയ റൈഫിൾസും കശ്മീർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. കിഷ്ത്വാറിലെ ഭീകരകേന്ദ്രത്തിൽ ഒളിച്ചിരുന്ന താലിബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അഞ്ച് വർഷമായി പോലീസ് നടത്തുന്ന തിരച്ചിലിന് ഒടുവിലാണ് താലിബിനെ പിടികൂടാനായത്.
എപ്പോഴും രൂപമാറ്റം വരുത്തി വ്യത്യസ്തനായാണ് താലിബ് ജനങ്ങൾക്ക് മുന്നിൽ എത്തിയിരുന്നത്. തന്റെ വ്യക്തിത്വം വെളിപ്പെടാതിരിക്കാൻ വേണ്ട മുൻരുതലുകൾ ഇയാൾ സ്വീകരിച്ചിരുന്നു. എവിടെയും പുതിയ പേരിലാണ് ഇയാളെ ജനങ്ങളെ പരിചയപ്പെട്ടിരുന്നത്.
പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ എന്ന ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും ഇയാളിൽ നിക്ഷിപ്തമായിരുന്നു. മറ്റ് ഭീകരർക്ക് സുരക്ഷിതമായി കഴിയാനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി സൗകര്യം നൽകുന്നതും താലിബിന്റെ ജോലിയാണ്. 2016-ലാണ് താലിബിനെ കാണാതായത്. പിന്നീട് ഭീകരസംഘടനയിൽ ചേർന്നതായി പോലീസിന് വിവരം ലഭിച്ചു. അഞ്ച് കുട്ടികളുടെ പിതാവ് കൂടിയാണ് ഹിസ്ബുൾ ഭീകരനായ താലിബ്.
Comments