തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാറിന്റെ പുന:ർലേലം ഇന്ന് നടക്കും. രാവിലെ 11 മണിയ്‌ക്ക് തെക്കേ നടപ്പന്തലിലാണ് ലേലം നടക്കുക. ലേലത്തിൽ വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ദേവസ്വം കമ്മീഷ്ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുന:ർലേലം.40,000 രൂപയാണ് നിരതദ്രവ്യം. ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഈ തുക ദേവസ്വത്തിൽ അടയ്‌ക്കണം. ലേലത്തിൽ പങ്കെടുക്കുന്ന ദേവസ്വം ജീവനക്കാർ സംഖ്യ അടയ്‌ക്കാമെന്നുള്ള സത്യവാങ്മൂലം ടെണ്ടറിനൊപ്പം ലേലസമയത്ത് ഹാജരാക്കണം.
കഴിഞ്ഞ വർഷം ഡിസംബറിലാണ് മഹീന്ദ്ര ഗ്രൂപ്പ് വാഹനം കാണിക്കയായി നൽകിയത്. ഇതിന് പിന്നാലെ ഥാർ ദേവസ്വം ലേലം ചെയ്തിരുന്നു. എന്നാൽ ലേലത്തിൽ ആരും പങ്കെടുക്കാതിരുന്നതിനാൽ ഖത്തർ വ്യവസായി അമൽ മുഹമ്മദ് അലിയ്‌ക്ക് ലഭിച്ചു. 15 ലക്ഷം രൂപയായിരുന്നു ഥാറിന്റെ അടിസ്ഥാന വില. ആരും ലേലത്തിൽ പങ്കെടുക്കാതിരുന്നതിനാൽ ഇതിന് പുറമേ കേവലം 10,000 രൂപ മാത്രം നൽകിയാണ് ഇയാൾ വാഹനം സ്വന്തമാക്കിയത്.
എന്നാൽ ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് ഥാർ വീണ്ടും ലേലം ചെയ്യാൻ തീരുമാനിച്ചത്.
Comments