കൊച്ചി: നിത്യജീവിതത്തിലെ ജാഗ്രതക്കുറവാണ് പ്രകൃതി നാശത്തിന് കാരണമെന്നും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം ഞെട്ടിക്കുന്നതെന്നും പ്രമുഖ പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും യുവസംരംഭകനുമായ ബിട്ടു ജോൺ. എളമക്കര സരസ്വതി സ്‌ക്കൂളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്‌റോനോട്ടിക്കൽ എഞ്ചിനീയറെന്ന ജോലി ഉപേക്ഷിച്ച് യാതൊരു പോളിത്തീൻ വസ്തുക്കളും ഉപയോഗിക്കാതെ പലചരക്ക് വിൽപ്പന കേന്ദ്രം രാജ്യത്ത് ആദ്യമായി ആരംഭിച്ച സംരംഭകനെന്ന നിലയിൽ ശ്രദ്ധനേടിയ വ്യക്തിയാണ് കോതമംഗലം സ്വദേശിയായ ബിട്ടു.
തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ വിദേശരാജ്യങ്ങൾ പോളിത്തീൻ വസ്തുക്കൾ പരമാവധി ഒഴിവാക്കാൻ നടത്തിയിരുന്ന പരിശ്രമങ്ങൾ തന്നെ അത്ഭുതപ്പെടുത്തി. ഇന്ന് നാം ഒരു ദിവസം അഞ്ചു ഗ്രാം സൂക്ഷ്മ പോളിത്തീനാണ് അറിയാതെ ഭക്ഷിക്കുന്നത്. അതായത് ഒരാഴ്ച നാം കഴിക്കുന്ന പ്ലാസ്റ്റിക് പദാർത്ഥങ്ങൾ ഒരുമിച്ച് ചേർത്താൽ അത് ഒരു ക്രെഡിറ്റ് കാർഡിന്റെ വലുപ്പമെങ്കിലും ഉണ്ടാകുമെന്ന മുന്നറിയിപ്പും ബിട്ടു നൽകി. വിദേശരാജ്യങ്ങളിൽ പല്ലുതേയ്‌ക്കുന്ന ബ്രഷുകൾ മുളകൊണ്ട് നിർമ്മിച്ചതിലൂടെ ബഹുരാഷ്‌ട്ര കുത്തകകൾ പോലും പ്ലാസ്റ്റിക് ബ്രഷുകൾ മാറ്റി മുള ബ്രഷുകൾ പുറത്തിറക്കാൻ നിർബന്ധിതരായി. വിദ്യാർത്ഥികൾ സ്വന്തം വീട്ടിലും പുറമേ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുമെന്ന ജാഗ്രത വർദ്ധിപ്പിക്കണമെന്നും ബിട്ടു ജോൺ പറഞ്ഞു.
സ്‌ക്കൂളിലും പുറമേയും വൃക്ഷ തൈ നടുമ്പോൾ ഘട്ടംഘട്ടമായി അതിന്റെ വളർച്ച പരിശോധിക്കുകയും അവ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ആശംസാ പ്രസംഗം നടത്തിയ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സഹസംയോജകൻ രാജേഷ് ചന്ദ്രൻ പറഞ്ഞു.വിദ്യാർത്ഥികൾ പഠന കാലത്ത് വലിച്ചെറിയുന്ന പേനകൾ സ്‌ക്കൂളിൽ ഒരുമിച്ച് ശേഖരിച്ചാൽ അത് പതിനായിരക്കണക്കിനായിരിക്കും. അവ വലിച്ചെറിയാതെ ശേഖരിക്കാൻ ക്ലാസുകളിൽ സംവിധാനം വേണം. വീടുകളിലും ഓഫീസിലും ചെറുപ്ലാസ്റ്റിക് കടലാസുകൾ കുപ്പികളിലാക്കി ഭൂമിയിൽ വീഴാതെ സംരക്ഷിക്കുന്ന ഇക്കോ-ബ്രിക് വിദ്യ ശീലമാക്കണമെന്നും രാജേഷ് ചന്ദ്രൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
പരിപാടിയിൽ സരസ്വതി സ്‌കൂൾ പ്രിൻസിപ്പാൾ ചെന്താമരാക്ഷൻ സ്വാഗതവും ഇക്കോ ക്ലബ്ബ് കോർഡിനേറ്ററും അദ്ധ്യാപികയുമായ മഞ്ജുഷ സി.കെ നന്ദിയും പറഞ്ഞു. സ്‌ക്കൂൾ അസിസ്റ്റന്റ് പ്രിൻസിപ്പാൾ ദീപ കെ നായർ വൃക്ഷ പൂജ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments