ഡൽഹി: കൊവിഡ് മഹാമാരിക്ക് ഇരയായി മാതാപിതാക്കളെ നഷ്ടമായ 17 വയസ്സുകാരിക്ക് 29 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് നോട്ടീസുകൾ അയച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങൾ. മരണപ്പെടുന്നതിന് മുൻപ് പിതാവ് എടുത്ത ഭവനവായ്പ ഉൾപ്പെടെ ഉള്ളവയ്‌ക്കാണ് കൗമാരക്കാരിയായ വാണിഷ പഥക് നിയമനടപടി നേരിടുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമാൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. ധനകാര്യ വകുപ്പിനോടും എൽ ഐ സിയോടും നിലപാടറിയിക്കാൻ മന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയ സമർത്ഥയായ വിദ്യാർത്ഥിനിയായിരുന്നു വാണിഷ. പ്രായപൂർത്തിയാകാത്തതിനാൽ, എൽ ഐ സി ഏജന്റ് ആയിരുന്ന പിതാവ് ജിതേന്ദ്ര പഥകിന് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും അധികൃതർ വാണിഷയ്‌ക്ക് നൽകിയിട്ടില്ല. വായ്പ തിരിച്ചടയ്‌ക്കാൻ വാണിഷ സാവകാശം ആവശ്യപ്പെട്ടെങ്കിലും അധികൃതർ മൗനം തുടരുകയാണ്.
വിനാശകാരിയായ കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് 2021 മെയ് മാസത്തിലായിരുന്നു വാണിഷയ്‌ക്ക് മാതാപിതാക്കളെ നഷ്ടമായത്. അനുജൻ വിവാൻ പഥക്കിനൊപ്പം അമ്മാവന്റെ വീട്ടിലാണ് നിലവിൽ വാണിഷ താമസിക്കുന്നത്. കേന്ദ്ര മന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് മാതാപിതാക്കളെ നഷ്ടമായിട്ടും വിധിയോട് പൊരുതി മുന്നേറുന്ന ഈ മിടുക്കി.
















Comments