ന്യൂഡൽഹി: ആകാശത്ത് കാഴ്ചയുടെ വിരുന്നൊരുക്കി ജൂൺ മാസം. ഈ മാസം മുഴുവനും സൂര്യോദയത്തിന് തൊട്ടുമുൻപായി അഞ്ച് ഗ്രഹങ്ങൾ വരിവരിയായി ആകാശത്ത് ദൃശ്യമാവും. ബുധൻ,ശുക്രൻ,ചൊവ്വ,വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് ദൃശ്യമാവുക. ആകാശത്ത് കിഴക്ക് ഭാഗത്ത് താഴെനിന്ന് തെക്ക് ഭാഗത്തേയ്‌ക്ക് മുകളിലേക്ക് എന്ന ക്രമത്തിലാണ് അഞ്ച് ഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുക.
രണ്ടോ മൂന്നോ ഗ്രഹങ്ങൾ ഈ രീതിയിൽ ഒന്നിച്ചുവരുന്നത് സാധാരണമാണെങ്കിലും അഞ്ച് ഗ്രഹങ്ങളെ ഇങ്ങനെ കാണുന്നത് അപൂർവമാണ്.ഈ മാസം തുടക്കത്തിൽ ബുധനെ അത്ര വ്യക്തമായി നഗ്നനേത്രങ്ങൾ ഉപയോഗിച്ച് കാണാനാവില്ല. എങ്കിലും ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ച് കാണാനാവും.
ദിവസങ്ങൾ കഴിയും തോറും ബുധൻ കൂടുതൽ മുകളിലേക്ക് ഉയർന്നു വരികയും രാത്രി ആകാശത്ത് കൂടുതൽ തെളിഞ്ഞുവരികയും ചെയ്യും. ഇതോടൊപ്പം മുഴുവൻ ഗ്രഹങ്ങളും കൂടുതൽ വ്യക്തമായി ആകാശത്ത് കാണാനാവും.ജൂൺ 24-നാണ് ഏറ്റവും വ്യക്തതയിൽ ഈ ഗ്രഹങ്ങളുടെ ക്രമീകരണം കാണാനാവുക.
2004ലാണ് ഇതിന് മുമ്പ് സമാനമായ രീതിയിൽ രണ്ടിൽ കൂടുതൽ ഗ്രഹങ്ങൾ ദൃശ്യമായത്. അന്ന് ബുധനും ശനിയും തമ്മിലുള്ള ദൂരം കൂടുതലായിരുന്നു. എന്നാൽ ഇത്തവണ ബൈനോക്കുലറിലൂടെ വ്യക്തമായി ഈ പ്രതിഭാസം കാണാനാകുമെന്നാണ് വാനനിരീക്ഷകർ പറയുന്നത്
















Comments