ലണ്ടൻ: അവിശ്വാസ വോട്ടെടുപ്പ് വിജയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അധികാരത്തിൽ തുടരും.148നെതിരെ 211 വോട്ടുകൾ നേടിയാണ് ബോറിസ് അധികാരത്തുടർച്ച ഉറപ്പിച്ചത്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ തെറ്റിച്ച് പിറന്നാൾ ആഘോഷം ഉൾപ്പെടെയുള്ള പാർട്ടികൾ പ്രധാനമന്ത്രി നടത്തിയെന്ന ‘പാർട്ടിഗേറ്റ്’ വിവാദങ്ങൾ ശക്തമായി ഉയരുന്നതിനിടെയാണ് ബോറിസിന് മിന്നുന്ന വിജയം.
ആകെ 359 വോട്ടുകളാണ് പ്രധാനമന്ത്രി അധികാരത്തിലിരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. ഇതിൽ 211 എംപിമാരും ബോറിസിനെ പിന്തുണച്ചു. പാർട്ടിഗേറ്റ് വിവാദം ചൂണ്ടിക്കാട്ടി ബോറിസിന്റെ സ്വന്തം പാർട്ടിയിലെ 54 എംപിമാരാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നത്. 15 ശതമാനത്തിലേറെ എംപിമാർ ബോറിസിനെതിരെ വന്നതോടെ അവിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.
കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാരായ 180 പേരുടെ പിന്തുണയായിരുന്നു ജോൺസണ് വേണ്ടിയിരുന്നതെങ്കിലും 211 പേരും അനുകൂലിച്ചതോടെ ബോറിസ് അവിശ്വാസം മറികടന്നു. മികച്ചതും നിർണായകവുമായ ഫലമാണ് പുറത്തുവന്നതെന്നും വിമത എംപിമാരെ ഒപ്പം നിർത്തി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ബോറിസ് ജോൺസൺ പ്രതികരിച്ചു.
Comments