തിരുവനന്തപുരം: കെഎസ്ആർടിസി തകരുന്നതിന്റെ ഉത്തരവാദിത്വം തൊഴിലാളികൾക്ക് മേൽമാത്രം കെട്ടിവെയ്‌ക്കുന്നതിനെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. കെഎസ്ആർടിസിയുടെ കുറ്റം തൊഴിലാളിളുടെ കുറ്റം മാത്രമാണെന്ന് പാറഞ്ഞാൽ പുറം കാല് മടക്കി അടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രാൻസ്പോർട്ട് ഭവനു മുന്നിൽ കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സിഐടിയു നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ.
ആര് വന്നാലും പോയാലും കെഎസ്ആർടിസി ഇവിടെ കാണുമെന്ന് പറഞ്ഞ ആനത്തലവട്ടം ആനന്ദൻ, സിഎംഡി ബിജു പ്രഭാകർ എന്താണ് സ്വപ്നം കാണുന്നതെന്ന് അറിയില്ലെന്നും പരിഹസിച്ചു. തൊഴിലാളികളും എംഡിയും ഇല്ലെങ്കിലും കെഎസ്ആർടിസി നാട്ടിലുണ്ടാവും. മാനേജ്മെന്റിന്റെ കുറ്റം തൊഴിലാളികളുടെ മേൽ കെട്ടിവെയ്‌ക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും, സ്ഥാപനത്തെയും തൊഴിലാളികളെയും ചെണ്ടപോലെ കൊട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ കെഎസ്ആർടിസി എതിർത്തിരുന്നു. ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി മാനേജ്മെൻറ് അറിയിച്ചു. ശമ്പളം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീടാണ്. പ്രഥമ പരിഗണന ശമ്പളം നൽകുന്നതിനല്ല, പൊതുജനസേവനത്തിനാണെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയ മാനേജ്മെൻറ് 12 മണിക്കൂർ ജോലി എന്നത് നടപ്പിലാക്കാത്തതും പ്രതിസന്ധിക്ക് കാരണമാണെന്നും കുറ്റപ്പെടുത്തി.
















Comments