ബംഗളൂരു : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര നേതാവ് താലിബ് ഹുസൈൻ ഗുജ്ജാറിനെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഒക്കലിപുരത്ത് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഇയാളെ കർണാടക പോലീസിന്റെ സഹായത്തോടെ കശ്മീർ പോലീസും 17 രാഷ്‌ട്രീയ റൈഫിൾസും ചേർന്നാണ് പിടികൂടിയത്. കശ്മീരി ഹിന്ദുക്കളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതിൽ മുഖ്യകണ്ണിയായ താലിബ് ബംഗളൂരുവിൽ പേര് മാറ്റി ഒളിച്ചു കഴിയുകയായിരുന്നു.
കിഷ്ത്വാർ സ്വദേശിയായ താലിബ് ഹുസൈൻ, താരിഖ് എന്ന പേരിലാണ് ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്. മുസ്ലീം പള്ളി അധികൃതരുടെ സഹായത്തോടെ കുടുംബത്തോടൊപ്പം പള്ളിയ്‌ക്ക് സമീപമാണ് ഇയാൾ താമസിച്ചത്. തൊഴിലാളിയായി ജോലി ചെയ്തിരുന്ന താലിബ് പള്ളിയിൽ മതപ്രഭാഷണങ്ങളും നടത്തിയിരുന്നു. ഭീകരനെ ജൂൺ 3 ന് അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയും സ്ഥിരീകരിച്ചു.
‘എ’ കാറ്റഗറി ഭീകരന്മാരുടെ പട്ടികയിലാണ് ഇയാളെ ജമ്മു കശ്മീർ പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 ലാണ് ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിൽ ചേരുന്നത്. തുടർന്ന് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. പാകിസ്താനി തീവ്രവാദ സംഘടനകളുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ഇയാൾ, കശ്മീരിലെ യുവാക്കളെയും സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു. കശ്മീരിലെ ക്രമസമാധാന നില തകർക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. യുവാക്കളെ പാകിസ്താനിലെത്തിച്ച് പരിശീലനം നൽകാനും ഇയാൾ സഹായിച്ചിരുന്നതായാണ് വിവരം.
ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും തനിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്ന് മനസിലായതോടെയാണ് താലിബ് ഭാര്യയും മക്കളുമൊത്ത് നാട് വിട്ട് ബംഗളൂരുവിൽ എത്തിയത്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് ബംഗളൂരു പോലീസിന്റെ സഹായത്തോടെ കശ്മീർ പോലീസെത്തി താലിബിനെ നിരീക്ഷിച്ചു. വിവിധ പേരുകളിൽ അറിയപ്പെടുന്ന താലിബ്, കഴിഞ്ഞ എട്ട് മാസമായി ബംഗളൂരുവിൽ ആണ് താമസിക്കുന്നതെന്ന് കണ്ടെത്തി. പള്ളിയിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട താലിബ് ചില ദിവസങ്ങളിൽ മതപ്രഭാഷണങ്ങളും നടത്തിയിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. താലിബ് എന്തിന് ബംഗളൂരുവിലേക്ക് വന്നു എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
















Comments