ലക്‌നൗ: ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്നു. പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിൽ പ്രകോപിതനായാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ലക്‌നൗവിലാണ് സംഭവം.
16-കാരൻ ഗെയിം കളിക്കുന്നതിന് അടിമയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിതാവിന്റെ പിസ്റ്റലെടുത്താണ് വിദ്യാർത്ഥി വെടിയുതിർത്തത്. കൊലപാതകത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തിയപ്പോൾ നുണ പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും 16-കാരൻ ശ്രമിച്ചു. ഒരു ഇലക്ട്രീഷ്യൻ വീട്ടിൽ വന്നിരുന്നതായും കൊലപാതകത്തിന് പിന്നിൽ അയാളാണെന്നും സൂചിപ്പിച്ച് കെട്ടുകഥയുണ്ടാക്കാനായിരുന്നു മകന്റെ ശ്രമം. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ കുറ്റകൃത്യം പിടിക്കപ്പെടുകയായിരുന്നു.
നിലവിൽ കുട്ടിയെ കസ്റ്റഡിയിൽ എടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്‌നൗ പോലീസ് അറിയിച്ചു. സമാനരീതിയിൽ മുംബൈയിലും കൊലപാതകം നടന്നിരുന്നു. പബ്ജിക്ക് അടിമയായ ആൺകുട്ടികൾ സുഹൃത്തിനെ കുത്തിക്കൊല്ലുകയായിരുന്നു. മൂന്ന് പേർ ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. പബ്ജി കളിയ്‌ക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Comments