ന്യൂഡൽഹി: ജോലി തേടി വീട് വിട്ട് മറ്റൊരിടത്ത് താമസമാക്കിയവർക്ക് റിമോട്ട് വോട്ടിംഗിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുന്ന സാദ്ധ്യത പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ലക്ഷക്കണക്കിന് വരുന്ന
വിവിധ ഭാഷാ തൊഴിലാളികളെ ഉൾപ്പെടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ ഇതിലൂടെ സാധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ഇതിലാണ് തീരുമാനം. രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവരുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. വിപുലമായ കൂടിയാലോചനകൾക്ക്
ശേഷമാകും ഇക്കാര്യത്തിൽ നടപടികൾ ആരംഭിക്കുക. വിവിധ ഭാഷാ തൊഴിലാളികളുടെ വോട്ട് ഉറപ്പാക്കാൻ ഏത് സാങ്കേതിക വിദ്യ ഉപയോഗിക്കണം എന്ന കാര്യവും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി പരിശോധിക്കും.
ഉത്തരാഖണ്ഡിൽ കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ചമോലി ജില്ല ഉൾപ്പെടെ ദുർഘടമേഖലകളിലെ പലർക്കും വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ചമോലിയിലെ ധുമാക്ക്, കൽഗോത്ത് എന്നീ ഗ്രാമങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണറായ അനൂപ് ചന്ദ്ര പാണ്ഡെയും സന്ദർശിച്ചിരുന്നു.
18 കിലോമീറ്ററോളം ട്രക്കിംഗ് നടത്തിയാണ് ഇരുവരും പോളിംഗ് ബൂത്തുകളിൽ എത്തിയത്. ഉപജീവനത്തിനായി ഗ്രാമം വിട്ടു പോകേണ്ടി വന്നതിനാൽ ഇവിടെയുളള 20 മുതൽ 25 ശതമാനത്തോളം പേർക്കും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കുടിയേറ്റ വോട്ടർമാർക്ക് റിമോട്ട് വോട്ടിംഗ് ആണ് പരിഗണിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.
ആളുകൾക്ക് അവർ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ വോട്ടംഗ് സൗകര്യം ഒരുക്കി നൽകുന്നതിനാണ് ആലോചന. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 10 മില്യൻ തൊഴിലാളികളാണ് സർക്കാരിന്റെ ഇ ശ്രാം പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുളളത്. പോസ്റ്റൽ ബാലറ്റുകൾ ഉണ്ടെങ്കിലും നിലവിൽ സാധാരണക്കാർക്ക് ഇത് പ്രയോജനപ്പെടുത്താനാകില്ല.
















Comments