ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രേഖപ്പെടുത്തിയതിനേക്കാൾ 40.9 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ രോഗികളുടെ എണ്ണം 4.31 കോടി കവിഞ്ഞു.
ഇന്നലെ മാത്രം ഏഴ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,24,715 ആയി. ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1881 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാം സ്ഥാനത്ത് കേരളമാണുള്ളത്. ഇന്നലെയും കേരളത്തിൽ ആയിരത്തിന് മുകളിൽ രോഗികൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ആയിരത്തിലധികം പ്രതിദിന രോഗികളുള്ളത്. ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതരുള്ള മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയും കർണാടകയും ഹരിയാനയുമാണ്.
ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ രോഗികളിൽ 84 ശതമാനമാളുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. നിലവിൽ 28,857 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇന്നലത്തേക്കാൾ 1800ഓളം സജീവരോഗികൾ ഇന്ന് കൂടുതലാണ്. അതേസമയം 3,345 പേർക്ക് കഴിഞ്ഞ ദിവസം രോഗമുക്തി ലഭിച്ചു. 98.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
Comments