ഹരാരെ: സിംബാബ് വെയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സിംബാബ് വെ സന്ദർശനത്തിലാണ് രാജ്യത്തിന് മരുന്നുകളടക്കം വിവിധ സഹായങ്ങൾ ഇന്ത്യ നൽകിയത്. ക്ഷയരോഗ ചികിത്സയ്‌ക്കുള്ള മരുന്നുകൾ മന്ത്രി വി.മുരളീധരൻ സിംബാബ് വെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ ജോൺ മംഗ്‌വിറോയ്‌ക്ക് നൽകി. 288 പെട്ടി മരുന്നുകളാണ് ഇന്ത്യ സിംബാബ് വെയ്‌ക്ക് നൽകിയത്. രാജ്യത്തിന്റെ ക്ഷയരോഗത്തിനെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യ പങ്കാളിയാകുന്നുവെന്നും മന്ത്രി പറഞ്ഞു.
മരുന്നുകൾക്ക് പുറമെ, സിംബാബ്‌വെ പ്രഥമവനിത നേതൃത്വം നൽകുന്ന ‘ഏഞ്ചൽ ഓഫ് ഹോപ് ‘ ഫൗണ്ടേഷന് ഇന്ത്യയുടെ സമ്മാനമായി 950 തയ്യൽ മഷീനുകളും വി.മുരളീധരൻ കൈമാറി. സിംബാബ്‌വെ വിദേശകാര്യമന്ത്രി ഡോ. ഫ്രഡറിക് ഷാവെയുമായി കേന്ദ്രമന്ത്രി ഇന്ന് ചർച്ച നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം, വാണിജ്യം, നിക്ഷേപം എന്നിങ്ങനെ വിവിധതലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ഉറപ്പാക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. ദേശീയ അസംബ്ലി സ്പീക്കർ അഡ്വ.ജേക്കബ് ഫ്രാൻസിസ് മുഡെൻഡയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ സിംബാബ് വെയിലെത്തിയ കേന്ദ്രമന്ത്രിയെ സിംബാബ് വേ വിദേശകാര്യസഹമന്ത്രി ഡേവിഡ് മുസബയാനയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. സിംബാബ് വേ പ്രസിഡന്റ് എമേഴ്സൺ മനഗാഗ്വയുമായും അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
















Comments