ഡൽഹി: പ്രതിരോധബന്ധം കൂടുതൽ ശക്തമാക്കുന്നതിന് രേഖകളിൽ ഒപ്പിട്ട് ഇന്ത്യയും വിയറ്റ്നാമും. 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കാനാണ് നീക്കം. ഇരു രാജ്യങ്ങളുടെയും സൈനികർക്ക് വിശ്രമത്തിനായും ആയുധങ്ങളുടെ അറ്റകുറ്റ പണികൾ നടത്താനും പരസ്പരം താവളങ്ങൾ ഉപയോഗിക്കാം എന്ന തീരുമാനവും കൈകൊണ്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഹനോയിയിൽ വിയറ്റ്നാം പ്രതിരോധമന്ത്രി ഫാൻ വാൻ ജിയാങ്ങുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിർണ്ണായകമായ തീരുമാനങ്ങൾ.
വിശ്രമത്തിനും ആയുധങ്ങളുടെ അറ്റകുറ്റ പണികൾക്കും സാധനങ്ങൾ നിറയ്‌ക്കുന്നതിനും സൈനികരുടെ താവളങ്ങൾ പരസ്പരം ഉപയോഗിക്കാം എന്ന ധാരണാപത്രത്തിൽ ആദ്യമായാണ് വിയറ്റ്നാം ഒപ്പിടുന്നത്. വർദ്ധിച്ചു വരുന്ന ചൈനയുടെ ഭീഷണികളും അതിർത്തി കയ്യേറ്റങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. ചർച്ചകളോടെ ഇന്ത്യ വിയറ്റ്നാം ഉഭയകക്ഷി സഹകരണം വിപുലീകരിക്കപ്പെടും. ഇന്തോ-പസഫിക് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രധാന മാർഗമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ,സുരക്ഷാ സഹകരണം.
ഉഭയകക്ഷി പ്രതിരോധ ഇടപെടലുകളും പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫലപ്രദവും പ്രായോഗികവുമായ സംരംഭങ്ങളെക്കുറിച്ച് പ്രതിരോധമന്തി രാജ്നാഥ് സിംഗും വിയറ്റ്നാം പ്രതിരോധമന്തി ഫാൻ വാൻ ജിയാങ്ങും ചർച്ച നടത്തി. ഇതോടെ ഇന്ത്യ-വിയറ്റ്നാം പ്രതിരോധ സഹകരണത്തിന്റെ വ്യാപ്തി വർദ്ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
















Comments