ന്യൂഡൽഹി: ഇന്ത്യൻ വനിതാ താരം മിതാലി രാജ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി താരം അറിയിച്ചു.
നിരവധി വർഷങ്ങൾ ഇന്ത്യൻ വനിതാ ടീമിനെ നയിക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് മിതാലി പറഞ്ഞു. തന്റെ വ്യക്തിത്വം രൂപപെട്ടത് ക്രിക്കറ്റിലൂടെയാണെന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ നവീന രൂപാന്തരത്തിൽ തന്റേതായ സംഭാവന നൽകാൻ സാധിച്ചത് അവിസ്മരണീയമാണെന്നും മിതാലി കൂട്ടിച്ചേർത്തു.
1999ൽ, തന്റെ പതിനാറാം വയസ്സിലാണ് മിതാലി രാജ് ഇന്ത്യൻ കുപ്പായമണിയുന്നത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഇന്ത്യൻ ഇതിഹാസം എന്നാണ് മിതാലി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ട്വെന്റി 20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്. ഇന്ത്യയെ രണ്ട് ലോകകപ്പുകളുടെ ഫൈനലിൽ എത്തിച്ച നായികയാണ് മിതാലി.
ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിക്കൊണ്ട് റൺ വേട്ട ആരംഭിച്ച മിതാലി രാജ് ലോകക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. 7 സെഞ്ചുറികളും 64 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 7805 റൺസ് താരം നേടിയിട്ടുണ്ട്.
Comments