ലക്നൗ: പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം മകൻ കഴിഞ്ഞതായി പോലീസ്.
മുറിയിൽ മൃതദേഹം സൂക്ഷിച്ചുവെച്ചിരിക്കെ തന്റെ രണ്ട് സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഓൺലൈനായി മുട്ടക്കറി വാങ്ങി കഴിക്കുകയും സുഹത്തുക്കളോടൊപ്പമിരുന്ന് സിനിമ കാണുകയും ചെയ്തു. അമ്മയെവിടെപ്പോയെന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ആന്റിയുടെ വീട്ടിലാണെന്നും മകൻ മറുപടി നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലിൽ മകൻ സമ്മതിച്ചതായും പോലീസ് അറിയിച്ചു.
പബ്ജി കളിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ തനിക്ക് ദേഷ്യം വന്നു. ഇതോടെ പിതാവിന്റെ പിസ്റ്റലെടുത്ത് അമ്മയെ വെടിവെച്ചുകൊന്നു. ഞായറാഴ്ച രാത്രിയായിരുന്നു കൊലപ്പെടുത്തിയതെന്നും മകൻ പോലീസിനോട് പറഞ്ഞു. മൃതദേഹം അഴുകാൻ തുടങ്ങിയതോടെ റൂം ഫ്രഷ്‌നർ അടിച്ചു. എന്നിട്ടും അടുത്ത വീടുകളിലേക്ക് മൃതദേഹം അഴുകിയ ഗന്ധം എത്തുകയും സംശയം തോന്നിയ അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
സൈനികനാണ് കുട്ടിയുടെ പിതാവ്. ബംഗാളിൽ നിയമിതനായ അദ്ദേഹം തന്റെ ലൈസൻസുള്ള റിവോൾവർ വീട്ടിൽ വെച്ചായിരുന്നു മടങ്ങിയത്. ഇതുപയോഗിച്ചായിരുന്നു കൊലപാതകം.
Comments