ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന പ്രവർത്തനത്തിൽ ഇന്ത്യയെ തരംതാഴ്‌ത്തി അമേരിക്കൻ സ്ഥാപനം. ശക്തമായ പ്രതികരണമാണ് ഇന്ത്യ റിപ്പോർട്ടിനെതിരെ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിശക്തമായ പരിസ്ഥിതി രക്ഷാ പ്രവർത്തനങ്ങളെ കണ്ടില്ലെന്ന നടിക്കുന്ന അമേരിക്കൻ സ്ഥാപന റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് ഇന്ത്യൻ പാരിസ്ഥിതിക മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ ഇന്ത്യയെ 180 രാജ്യങ്ങളുടെ പട്ടികയിൽ അവസാനത്തേതായിട്ടാണ് ഉൾപ്പെടുത്തിയത്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാന വിഷയത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലും ഇന്ത്യ ഏറെ മുന്നോട്ടു പോയി ക്കഴിഞ്ഞു. ആഗോള ഉച്ചകോടിയിൽ ഇന്ത്യ അവതരിപ്പിച്ച റിപ്പോർട്ടുകൾ നിലവിലുണ്ട്. ഇന്ത്യയെ തരംതാഴ്‌ത്താൻ തികച്ചും അശാസ്ത്രീയമായ പഠന രീതികളാണ് ഉപയോഗിച്ചതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രതികരിച്ചു.
അമേരിക്കൻ സ്ഥാപനമായ യേൽ സെന്റർ ഫോർ എൻവയോൺമെന്റൽ ലോ ആന്റ് പോളിസിയും കൊളംബിയ സർവ്വകലാശാലയുടെ എർത്ത് സയൻസ് ഇൻഫർമേഷൻ നെറ്റ് വർക്കും സംയുക്തമായാണ് പഠനം നടത്തിയതെന്നാണ് അവകാശപ്പെടുത്തത്. 11 മേഖല കളിലെ 40 പ്രവർത്തനങ്ങളാണ് ഓരോ രാജ്യത്തിന്റേതായി വിലയിരുത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയുടെ വിശാലമായ ഭൂപ്രദേശത്തിന്റെ യഥാർത്ഥ വസ്തുതകൾ ഒന്നും പരിഗണിച്ചിട്ടില്ല. വിവിധ നഗരങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങൾ വിലയിരുത്താതെ നടത്തിയ റിപ്പോർട്ടിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു. കാർബൺ പുറന്തള്ളുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2050ൽ എന്തായിരിക്കും അവസ്ഥയെന്നത് കഴിഞ്ഞ 10 വർഷത്തെ ലഭ്യമായ കണക്ക് പ്രകാരമാണെന്ന വാദം ഇന്ത്യ തളളി. ഊഹിച്ചല്ല 130 കോടി ജനസംഖ്യയുള്ള രാജ്യത്തെ വിലയിരുത്തേണ്ടത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലു ണ്ടായ മുന്നേറ്റം അത്ഭുതകരമാണ്. സൗരോർജ്ജ രംഗത്ത് ലോകത്തിന് മാതൃകയാണ്. വിവിധ രാജ്യങ്ങളെ ആ മേഖലയിൽ സാങ്കേതികമായും സഹായിക്കുന്നു. ഊർജ്ജ ഉപഭോഗത്തിൽ വാഹനങ്ങളും വ്യവസായങ്ങളും വരുത്തിയ മാറ്റവും പരാമർശിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.
അന്തരീക്ഷത്തിലെ കാർബൺ കുറയ്‌ക്കാൻ സഹായിക്കുന്നതിലെ പ്രധാന ഘടകം വനങ്ങളാണ്. ഇന്ത്യയിൽ വനങ്ങളുടെ വിസ്തൃതി ലോകത്തിലെ മറ്റ് ഏതു രാജ്യത്തേക്കാളും വർദ്ധിച്ചിരിക്കുകയാണ്. വനവൽക്കരണ രംഗത്ത് ഗ്രാമനഗര മേഖലകളിൽ വലിയ മാറ്റമാണ് സംഭവിച്ചതെന്നും എന്തുകൊണ്ട് പഠനത്തിൽ ഉൾപ്പെടുത്തിയില്ലെന്നതിന് അന്താരാഷ്‌ട്ര തലത്തിൽ ഉത്തരം പറയണമെന്നും പരിസ്ഥിതി മന്ത്രാലയം പറഞ്ഞു.
Comments