കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ഇക്കാര്യങ്ങൾ ആരോപിച്ചത്.
ഷാജ് കിരൺ എന്നയാളാണ് ഇന്നലെ പാലക്കാട്ടെ ഓഫീസിൽ എത്തിയതെന്ന് സ്വപ്ന പറഞ്ഞു. ഷാജ് കിരൺ സ്വപ്നയെ കാണാൻ കാറിലെത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. പാലക്കാട്ടെ സ്വപ്‌നയുടെ ഓഫീസിൽ എത്തുന്നതാണ് ദൃശ്യങ്ങൾ
രഹസ്യമൊഴി അഭിഭാഷകന്റെ നിർദേശപ്രകാരമെന്ന് പറയാൻ സമ്മർദം ചെലുത്തി. പകൽവെളിച്ചം കാണിക്കാതെ ജയിലിലടയ്‌ക്കുമെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നും തനിയ്‌ക്കും സരിത്തിനുമെതിരെ ഗൗരവതരമായ വകുപ്പുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന ആരോപിച്ചു.
അതേസമയം സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം തള്ളി ഷാജ് കിരൺ രംഗത്തെത്തി. പിണറായി വിജയനോ കോടിയേരിയോ തനിക്ക് കാശൊന്നും തരുന്നില്ലെന്നും അതുമാത്രമല്ല ഇത്ര വലിയ ഒരു ഡീലിൽ തന്നെ പോലെ ഒരാളെ പറഞ്ഞുവിടാൻ കേരളത്തിന്റെ സിഎം അത്ര മണ്ടനൊന്നുമല്ലെന്ന് ഷാജ് കിരൺ പറഞ്ഞു.
സ്വപ്ന വിളിച്ചിട്ടാണ് താൻ പാലക്കാട് പോയതെന്നും ഇന്ന് രാവിലെയും സ്വപ്നയെ വിളിച്ചിരുന്നെന്നും ഷാജ് കൂട്ടിച്ചേർത്തു.60 ദിവസമായി പരിചയമുണ്ട്, അവരുമായി വ്യക്തിബന്ധമുണ്ട്. സുഹൃത്താണ്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നതെന്നും ഷാജ് കിരൺ വ്യക്തമാക്കി.
















Comments