ന്യൂഡൽഹി: കറാച്ചിയിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ പാകിസ്താനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സംഭവത്തിൽ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ഇന്ത്യൻ നിലപാട് പാകിസ്താനെ അറിയിച്ചു. പാകിസ്ഥാനിലെ ഹൈന്ദവ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും പാക് സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ക്ഷേത്രം തകർത്ത സംഭവം മതന്യൂനപക്ഷങ്ങൾക്കെതിരായ അന്യായമായ നടപടിയാണെന്ന് ഇന്ത്യ വിലയിരുത്തി.
കറാച്ചി നഗരത്തിന് സമീപം കോരാംഗി മേഖലയിലെ ക്ഷേത്രമാണ് ഇസ്ലാമിക മതമൗലിക വാദികൾ തകർത്തത്. പുതിയ സർക്കാർ നിലവിൽ വന്നിട്ടും ആക്രമണം തുടരുന്നതിനെ പാകിസ്താനിലെ ഹൈന്ദവ സമൂഹം അപലപിച്ചു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ പത്ത് മാസത്തിനിടെ പാകിസ്താനിൽ തകർക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണ് കറാച്ചിയിലേത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അത്രികമങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐക്യരാഷ്‌ട്ര സഭയുടെ ന്യൂനപക്ഷകാര്യ വിഭാഗം ശക്തമായ പ്രതികരണം ആവർത്തിച്ചിരുന്നു. സിഖ്, ക്രിസ്ത്യൻ, ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ പാകിസ്ഥാനിൽ തുടരുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യ ഉയർത്തുന്നത്.
Comments