ലക്‌നൗ : കാൺപൂരിൽ സുരക്ഷ ശക്തമാക്കി പോലീസ്.വെള്ളിയാഴ്‌ച്ച പ്രർത്ഥനയ്‌ക്ക് മുന്നോടിയായാണ് നഗരത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്.കഴിഞ്ഞ ദിവസം ഉണ്ടായ കലാപശ്രമത്തിന്റെ പശ്ചാത്തലത്തിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദ്രുതകർമ്മ സേനയ്‌ക്ക് പുറമേ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി , റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവരെയും വിന്യസിച്ചിട്ടുണ്ട്. മുസ്ലീം ആധിപത്യമുള്ള ഇടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് ശേഷം കലാപത്തിന് ആസൂത്രിത ശ്രമം നടന്നിരുന്നു. മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു അക്രമം നടന്നത്.
സംഭവത്തിന് ശേഷം കാൺപൂർ ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി അയ്യറും പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണയും ഇരുവിഭാഗത്തിലെയും നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി.സമാധാനം നിലനിർത്താൻ അതാത് സമുദായത്തിലെ നേതാക്കളോട് ആവശ്യപ്പെടണമെന്നും ഇവർ നിർദ്ദേശിച്ചിരുന്നു.
സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നിയമം കൈയിലെടുക്കരുത്.ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിജയ് സിംഗ് മീണ വ്യക്തമാക്കി.സംഘർഷ ബാധിത മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഈ പ്രദേശങ്ങളിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments