മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ മഹാരാഷ്‌ട്രയിൽ ശിവസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം. മഹാവികാസ് അഖാഡി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതായും കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ പ്രതാപ് ഗാർഹിക്ക് വോട്ട് ചെയ്യുമെന്നും എഐഎംഐഎം അറിയിച്ചു.
ബിജെപിയെ പരാജയപ്പെടുത്താനുളള പാർട്ടി ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരമാണ് നിലപാടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഇംതിയാസ് ജലീൽ വ്യക്തമാക്കി. ശിവസേനയോടുളള രാഷ്‌ട്രീയ, ആശയ അഭിപ്രായ ഭിന്നതയിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപാധികളോടെയാണ് എഐഎംഐഎം പിന്തുണയെന്നും ഇംതിയാസ് ജലീൽ പറഞ്ഞു. മഹാരാഷ്‌ട്ര പിഎസ്‌സിയിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നുളള അംഗത്തെ നിയമിക്കണമെന്നും പാർട്ടി എംഎൽഎമാരുടെ മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്നും ഉൾപ്പെടെയാണ് ഉപാധികൾ. മഹാരാഷ്‌ട്ര വഖഫ് ബോർഡിന്റെ വരുമാനം ഉയർത്താനുളള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ് സീറ്റുകളാണ് മഹാരാഷ്‌ട്രയിൽ ഉളളത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെ മൂന്ന് സ്ഥാനാർത്ഥികളെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. മഹാവികാസ് അഖാഡി സഖ്യത്തിനായി ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, സഞ്ജയ് പവാർ, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, കോൺഗ്രസിന്റെ ഇമ്രാൻ പ്രതാപ് ഗാർഹി എന്നിവരാണ് മത്സരിക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന് അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന എൻസിപി നേതാക്കളായ അനിൽ ദേശ്മുഖും നവാബ് മാലിക്കും ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എഐഎംഐഎം പിന്തുണ തേടിയത്.
















Comments