മുംബൈ:രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ മൂന്ന് ഭരണകക്ഷി എം എൽ എമാരുടെ വോട്ടുകൾ അസാധുവാക്കണമെന്ന് ബിജെപി. കോൺഗ്രസിന്റെ യശോമതി താക്കൂർ, എൻസിപിയുടെ ജിതേന്ദ്ര ആവ്ഹാദ്, ശിവസേനയുടെ സുഹാസ് കാണ്ഡേ എന്നിവരുടെ വോട്ടുകൾ അസാധുവാക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. എം എൽ എമാർ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.
എം എൽ എമാർ ബാലറ്റ് പേപ്പറുകൾ പാർട്ടി ഏജന്റുമാർക്ക് കൈമാറി എന്ന് ബിജെപി സ്ഥാനാർത്ഥി പിയൂഷ് ഗോയലിന്റെ പോളിംഗ് ഏജന്റ് പരാഗ് അലവാനി ചൂണ്ടിക്കാട്ടി. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി ആരോപിക്കുന്നു. ചട്ടപ്രകാരം ബാലറ്റുകൾ പോളിംഗ് ഏജന്റുമാരെ കാണിക്കാൻ മാത്രമാണ് അനുമതി. ബാലറ്റുകൾ ആർക്കും കൈമാറാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും ബിജെപി വ്യക്തമാക്കുന്നു.
മഹാരാഷ്‌ട്രയിലെ ആറ് സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശിലെ 11 സീറ്റുകളിലേക്കും തമിഴ്നാട്ടിലെ 6 സീറ്റുകളിലേക്കും ബിഹാറിലെ 5 സീറ്റുകളിലേക്കും ആന്ധ്രാ പ്രദേശിലെയും രാജസ്ഥാനിലെയും കർണാടകയിലെയും 4 വീതം സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
Comments