കോട്ടയം : ഉന്നം പിഴച്ച് പോലീസിന്റെ ജലപീരങ്കി .കോട്ടയം കളക്ടറേറ്റിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ പോലീസ് പ്രവർത്തിപ്പിച്ച ജലപീരങ്കി പതിച്ചത് ലോട്ടറി വിൽപ്പനക്കാരിയുടെ ദേഹത്ത് .മാർച്ച് നടക്കവെ സുരക്ഷിത സ്ഥാനം തേടി മാറിനിന്ന കോട്ടയം കാരാപ്പുഴ സ്വദേശിനി വല്യമ്മാൾക്കാണ് പരിക്കേറ്റത്. ജലപീരങ്കി പ്രവർത്തിപ്പിച്ചതോടെ ഇതിന്റെ നോസിൽ തെന്നിമാറി ഇവരുടെ ദേഹത്തേക്ക് വെള്ളം പതിക്കുകയായിരുന്നു.
തെറിച്ച് വീണ വല്യമ്മാൾക്ക് തലയ്‌ക്ക് പിന്നിൽ പൊട്ടലുണ്ട്.ഉടൻ തന്നെ ഇവരെ ജനറൽ ആശുപത്രിയിലും ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
ജലപീരങ്കിയുടെ സംവിധാനത്തിലുണ്ടായ തകരാറാണ് സംഭവത്തിന് കാരണമായത്.ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജലപീരങ്കി തിരിക്കുന്നതിനിടയിൽ വെള്ളം ചീറ്റുന്ന നോസിൽ തൊട്ടടുത്ത പോയിന്റിലേക്ക് മാറുകയായിരുന്നു.
ജലപീരങ്കിയിൽ ഉപയോഗിക്കുന്നത് 360 ഡിഗ്രിയിൽ ചലിപ്പിക്കാവുന്ന നോസിലാണ്.ഇത് പ്രവർത്തിപ്പിക്കുന്നതിനിടയിൽ ഇത്തരത്തിൽ തകരാറ് സംഭവിക്കാറുണ്ടെന്നാണ് പോലീസ് ഉദ്ദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Comments