ന്യൂഡൽഹി: ഭൂരിപക്ഷം ചരിത്രകാരന്മാരും മുഗൾ ചരിത്രത്തെ മഹത്വവത്കരിക്കാൻ ശ്രമിച്ചപ്പോൾ പ്രബലമായ മറ്റ് രാജവംശങ്ങളെ അവഗണിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാണ്ഡ്യ, ചോള, മൗര്യ, ഗുപ്ത സാമ്രാജ്യങ്ങളുടെ മഹത്വം പൂർണ്ണമായ തോതിൽ അവതരിപ്പിക്കാൻ ചരിത്രകാരന്മാർ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മഹാറാണ പ്രതാപിനെക്കുറിച്ച് എഴുതിയ ഒരു പുസ്തകം പ്രകാശനം ചെയ്യവെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
800 വർഷം ഭരിച്ച പാണ്ഡ്യ രാജവംശം, 650 വർഷം ഭരിച്ച അഹോമുകൾ, 600 വർഷം ഭരിച്ച പല്ലവർ, 600 വർഷം ഭരിച്ച ചോളവംശം എന്നിവരുടെ ചരിത്രം വിശദമായി അവതരിപ്പിക്കാൻ ചരിത്രകാരന്മാർ തയ്യാറാകണം. ഭക്ത്യാർ ഖിൽജി, ഔറംഗസേബ് എന്നിവരെ പരാജയപ്പെടുത്തിയ അഹോമുകൾ അസമിന്റെ മഹത്വം കാത്ത് സൂക്ഷിച്ചവരാണെന്നും അമിത് ഷാ പറഞ്ഞു. അഫ്ഗാനിസ്ഥാൻ മുതൽ ശ്രീലങ്ക വരെ പരന്നു കിടന്ന വലിയ സാമ്രാജ്യമായിരുന്നു മൗര്യന്മാരുടേത്. ശതവാഹനന്മാരും ഗുപ്തന്മാരും ധീരോദാത്തമായി നാടുവാണ രാജവംശങ്ങളായിരുന്നു. ഐക്യഭാരതം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച് അതിനായി പരിശ്രമിച്ച രാജാവായിരുന്നു സമുദ്രഗുപ്തനെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ന് പഠിപ്പിക്കുന്ന പല സംഭവങ്ങളും വ്യാജചരിത്ര നിർമ്മിതിയുടെ ഭാഗമാണ്. യഥാർത്ഥ സത്യം ഉയർത്തിക്കാട്ടുന്ന ഗ്രന്ഥങ്ങൾ രചിക്കപ്പെടണമെന്നും വ്യാജചരിത്രം തള്ളിക്കളയേണ്ടതാണെന്നും അമിത് ഷാ പറഞ്ഞു. ജയത്തെയോ പരാജയത്തെയോ ആധാരമാക്കിയല്ല, മറിച്ച് സംഭവങ്ങളുടെ ഫലത്തെയും ചെലുത്തപ്പെട്ട സ്വാധീനത്തെയും ആസ്പദമാക്കി വേണം ചരിത്രം രചിക്കപ്പെടാൻ. ഇന്ന് നമ്മൾ സ്വതന്ത്രരാണ്. സ്വന്തം ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും ആരംഭിക്കണമെന്നും നിർഭയമായ ചരിത്രരചനയാണ് വേണ്ടതെന്നും അമിത് ഷാ വ്യക്തമാക്കി.
















Comments