ലഖ്നൗ: പബ്ജിയുടെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ കൂട്ടുകാരോടൊപ്പം ആഘോഷിച്ച രാത്രി മുഴുവൻ അമ്മ മുറിയ്‌ക്കുള്ളിൽ ജീവന് വേണ്ടി പിടയുകയായിരുന്നുവെന്ന് പോലീസ്. സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് അമ്മയെ വെടിവെച്ച് വീഴ്‌ത്തിയ ശേഷം കൂട്ടുകാരെ വിളിച്ചു കൂട്ടി ആഘോഷിച്ച മകൻ അമ്മ മരിച്ചോ എന്നറിയാൻ പല തവണ മുറിയ്‌ക്കുള്ളിൽ പരിശോധന നടത്തിയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ദിവസമാണ് മകൻ സംഭവം മൂടിവെച്ചത്.
ആഘോഷരാവിന് ശേഷമുള്ള പ്രഭാതത്തിൽ മകൻ പരിശോധിച്ചപ്പോഴും അമ്മ ശ്വാസമെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ എപ്പോഴെങ്കിലും മകന് പുനർവിചിന്തനം ചെയ്യാനുള്ള തോന്നൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ അമ്മ രക്ഷപ്പെടുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിരന്തരം പബ്ജി ഗെയിം കളിച്ചുകൊണ്ടിരുന്നതിന് അമ്മ മകനെ ശകാരിച്ചിരുന്നു. ഇതിൽ പ്രകോപിതനായ മകൻ അമ്മയെ വെടിവെച്ച് വീഴ്‌ത്തിയ ശേഷം സഹോദരിയെ മുറിയ്‌ക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മുറികൾ പൂട്ടിയ ശേഷം കൂട്ടുകാരോടൊപ്പം ആഘോഷിച്ച കുട്ടി, വിവരം തന്റെ കൂട്ടുകാരിൽ ഒരാളോട് വെളിപ്പെടുത്തി. മൃതദേഹം മറവു ചെയ്യാൻ സഹായിക്കാൻ കൂട്ടുകാരന് അയ്യായിരം രൂപ വാഗ്ദാനം ചെയ്യുകയും വിസമ്മതിച്ചപ്പോൾ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
Comments