ബംഗളൂരു:രാഷ്‌ട്രീയത്തിൽ കായിക മന്ത്രിയായി ചുമതലനോക്കുമ്പോഴും മാതൃകകാട്ടി മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരം മനോജ് തിവാരി. പശ്ചിമബംഗാൾ ടീമിനായി മനോജ് തിവാരി രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെയാണ് രണ്ട് ഇന്നിംഗ്സിലുമായി മിന്നും പ്രകടനം പുറത്തെടുത്തത്.
ക്വാർട്ടർ പോരാട്ടത്തിൽ സെഞ്ച്വറി നേട്ടത്തോടെയാണ് മനോജ് തിവാരി ടീമിനും സംസ്ഥാനത്തിനും ആവേശമായത്. ആദ്യ ഇന്നിംഗ്‌സിൽ 76 റൺസ് നേടിയ തിവാരി രണ്ടാം ഇന്നിംഗ്‌സിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശി 56 പന്തുകളിലാണ് 100 റൺസ് തികച്ചത്. പുറത്താകുമ്പോൾ 185 പന്തിൽ 136 റൺസാണ് തിവാരി അടിച്ചെടുത്തത്. സമനിലയിൽ പിരിഞ്ഞ പോരാട്ടത്തിൽ ആദ്യ ഇന്നിംഗ്‌സിലെ കൂറ്റൻ സ്‌കോറായ 773 റൺസിന്റെ മികവിൽ പശ്ചിമ ബംഗാൾ സെമിയിലേക്ക് കടന്നു. രണ്ടാം ഇന്നിംഗ്‌സിൽ 7 ന് 318 എന്ന നിലയിലാണ് ബംഗാൾ നിര ഡിക്ലയർ ചെയ്തത്. ജാർഖണ്ഡ് 298ൽ എല്ലാവരും പുറത്തായി.
കായിക മന്ത്രി എന്ന ചുമതലയിൽ എത്തിയ ശേഷവും ടീമിനായി മത്സരിക്കാൻ തീരുമാനിച്ച തിവാരിയുടെ ഈ സീസണിലെ ആദ്യ സെഞ്ച്വറി കൂടിയാണിത്. രഞ്ജി ട്രോഫി കരിയറിലെ 28-ാമത്തെ സെഞ്ച്വറിയാണ് മനോജ് തിവാരി സ്വന്തമാക്കിയത്. പശ്ചിമ ബംഗാൾ ടീമിന്റെ ആദ്യ ഇന്നിംഗ്‌സിലെ 773 എന്ന സ്‌കോറിൽ സുദീപ് കുമാർ ഘാരാമിയുടേയും(183), അനുഷ്ടുപ് മജൂംദാറിന്റേയും(117) മനോജ് തിവാരി(73) എന്നിവർക്ക് പുറമേ ഓപ്പണർമാരടക്കം ആറുപേരാണ് അർദ്ധസെഞ്ച്വറി പ്രകടനം നടത്തി കളം നിറഞ്ഞത്.
ജാർഖണ്ഡിനായി വിക്രാന്ത് സിംഗ് 113 റൺസും നസീം സിദ്ദിഖ്വി 53 റൺസും നേടി. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ബംഗാളിന്റെ മുൻനിരക്കാർ പെട്ടന്ന് പുറത്തായപ്പോഴാണ് മനോജ് തിവാരി സെഞ്ച്വറി പ്രകടനം പുറത്തെടുത്തത്.
















Comments