ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപിക്ക് അട്ടിമറി വിജയം. മഹാരാഷ്‌ട്രയിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. ബിജെപി സ്ഥാനാർത്ഥികളായ പീയുഷ് ഗോയലും അനിൽ ബോണ്ടെയും 48 വോട്ട് വീതം നേടി. ബിജെപിക്ക് വേണ്ടി മത്സരിച്ച ധനഞ്ജയ മഹാധിക് ശിവസേനയുടെ സഞ്ജയ് പവാറിനെയാണ് പരാജയപ്പെടുത്തിത്.
ആറ് രാജ്യസഭാ സീറ്റുകളിലേക്കായി ഏഴ് സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇമ്രാൻ പ്രതാപ്ഗിരിയും, എൻസിപിയുടെ പ്രഫൂൽ പട്ടേലും, ശിവസേനയുടെ സഞ്ജയ് റാവത്തും വിജയം നേടിയിട്ടുണ്ട്. ഭരണകക്ഷിയായ മഹാ വികാസ് അഗാഡിയെ പരാജയപ്പെടുത്തിക്കൊണ്ട് മൂന്ന് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.
ഇതിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് പോരാടാൻ വേണ്ടിയല്ല, മറിച്ച് വിജയിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ധനഞ്ജയ് മഹാധിക്ക് ശിവസേനയുടെ സഞ്ജയ് റാവത്തിനേക്കാൾ കൂടുതൽ വോട്ട് നേടിയെന്നും ശിവസേനയുടെ തന്നെ സഞ്ജയ് പവാറിനെ തോൽപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ഇവർ പറയും ഒരു വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയെന്ന്. എന്നാൽ സഞ്ജയ് പവാറിന് ആ വോട്ട് ലഭിച്ചിരുന്നെങ്കിലും ബിജെപി വിജയിക്കുമായിരുന്നു. നവാബ് മാലിക് മത്സരിച്ചിരുന്നെങ്കിൽ പോലും തങ്ങൾ വിജയിക്കുമായിരുന്നുവെന്ന് ഫഡ്നാവിസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹരിയാനയിൽ രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൃഷൻ ലാൽ പൻവാറും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ്മയും വിജയിച്ചു. ഇവിടെ കോൺഗ്രസ് എംഎൽഎ കൂറുമാറി വോട്ട് ചെയ്തിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോൺഗ്രസിന്റെ അജയ് മാക്കൻ പരാജയപ്പെട്ടത്.
Comments