ജയ്പൂർ: ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തി വിഗ്രഹം കവർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. 300 കോടി വിലമതിക്കുന്ന പുരാതന വിഗ്രഹമാണെന്ന് തെറ്റിദ്ധരിച്ചാണ് സംഘം കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബുണ്ടിയിലെ ദോബ്ര ക്ഷേത്രത്തിലെ ചതുർഭുജ വിഗ്രഹമാണ് ഇവർ കവർന്നത്.
മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് ക്ഷേത്ര പുരോഹിതനെ ഇവർ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സോനു മെഹവാർ, ബാദൽ മേഘ് വാൾ, ലോകേഷ് ശൃംഗി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സൈമാധവ് പൂരിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ബുണ്ടി എസ് പി ജയ് യാദവ് അറിയിച്ചു. ബുണ്ടിയിൽ തന്നെ താമസിക്കുന്നവരാണ് മൂവരും.
തൊഴിൽരഹിതരായ മൂവരും പെട്ടന്ന് പണക്കാരാകാനുളള വഴി തേടിയാണ് കവർച്ച നടത്തിയത്. കവർച്ചയ്‌ക്ക് മുൻപ് മൂവരും പല തവണ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ ഇവർ പലപ്പോഴായി പുരോഹിതനോട് വിഗ്രഹത്തിന്റെ വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. 2016 ൽ മോഷണം പോയ പുരാതന വിഗ്രഹത്തിന് പകരം അതേ രീതിയിലുണ്ടാക്കിയ മറ്റൊരു വിഗ്രഹമായിരുന്നു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നത്. പഴയ വിഗ്രഹമാണെന്ന് കരുതിയാണ് ഇവർ മോഷണത്തിന് പദ്ധതിയിട്ടത്.
കേസ് അന്വേഷണത്തിനായി എഎസ്പി കിഷോരി ലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വിവേകാനന്ദ ശർമ്മ എന്ന നാൽപതുകാരനായ ക്ഷേത്ര പുരോഹിതനാണ് കൊല്ലപ്പെട്ടത്.
കിഷൻഗഞ്ചിൽ നിന്നുളള കച്ചവടക്കാരുമായി 300 കോടിക്ക് ഇടപാട് ഉറപ്പിച്ച ശേഷമായിരുന്നു ഇവർ വിഗ്രഹം കവരാനുളള പദ്ധതി തയ്യാറാക്കിയിരുന്നതെന്നും പോലീസ് വെളിപ്പെടുത്തി.
















Comments