ഫരീദ്കോട്ട്: പഞ്ചാബിലെ ഫരീദ്കോട്ടിൽ സെഷൻസ് ജഡ്ജിയുടെ വീട്ടുമതിലിൽ അജ്ഞാതർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വെച്ചു. സംഭവത്തിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്വാധീനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം സമാനമായ സംഭവം ഹിമാചൽ പ്രദേശിലും ഉണ്ടായിരുന്നു. ധർമ്മശാല ഭരണ സിരാകേന്ദ്രത്തിന്റെ മതിലുകളിലും ഗേറ്റിലും ഖാലിസ്ഥാൻ പതാകകൾ കെട്ടുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എഴുതി വെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ എസ് എഫ് ജെയുടെ പങ്ക് വ്യക്തമായിരുന്നു. സംഭവത്തിൽ എസ് എഫ് ജെ നേതാവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികത്തിൽ സുവർണ ക്ഷേത്രത്തിന്റെ ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ തീവ്രസംഘടനകളുടെ സാന്നിദ്ധ്യം സംശയിക്കപ്പെട്ടിരുന്നു. ഭിന്ദ്രൻവാലയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചെത്തിയ യുവാക്കൾ ഖാലിസ്ഥാൻ സിന്ദാബാദ് എന്ന് എഴുതിയ പ്ലക്കാർഡുകൾ ഏന്തി പ്രകടനം നടത്തിയിതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
















Comments