മോസ്‌കോ: യുക്രെയ്‌നിനെ സ്വന്തം ഭൂവിഭാഗമാക്കി മാറ്റുന്നതിന്റെ രണ്ടാം ഘട്ടവുമായി മോസ്‌കോ ഭരണകൂടം. പിടിച്ചെടുത്ത നഗരങ്ങളിൽ അവശേഷിക്കുന്ന യുക്രെയ്ൻ പൗരന്മാർക്ക് പാസ്സ്‌പോർട്ട് നൽകുന്ന നടപടികളാണ് റഷ്യ ആരംഭിച്ചിരിക്കുന്നത്.
തെക്കൻ യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം പൂർണ്ണമായ ഖേഴ്‌സൺ നഗരത്തിലെ യുക്രെയ്ൻ പൗരന്മാർക്കാണ് റഷ്യ പാസ്‌പോർട്ട് നൽകുന്ന നടപടികൾ ആരംഭിച്ചത്. 23 യുക്രെയ്ൻ പൗരന്മാരാണ് യുക്രെയ്ൻ പാസ്‌പോർട്ട് ഉപേക്ഷിച്ച് പകരം റഷ്യൻ പാസ്സ്‌പോർട്ട് കൈപ്പറ്റിയത്. നിലവിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളിൽ വലിയ പരിശോധ നകളൊന്നുമില്ലാതെ യുക്രെയ്‌ൻ പൗരന്മാർക്ക് പഴയ പാസ്‌പോർട്ട് സമർപ്പിച്ച് റഷ്യയുടെ പാസ്‌പോർട്ട് സ്വീകരിച്ച് പൗരത്വം നേടാനാകും.
റഷ്യൻ സൈനിക ഉദ്യോഗസ്ഥരും ഖേഴ്‌സൺ നഗരത്തിലെ പ്രതിനിധികളും അടങ്ങുന്ന സംയുക്ത ഭരണസമിതിക്കാണ് പാസ്സ്‌പോർട്ട് നൽകാനുള്ള ചുമതല. ഖേഴ്‌സണിൽ ഏറ്റുമുട്ടലുകൾ അവസാനിച്ചതിനാൽ സംഘർഷമുള്ള പല പ്രദേശങ്ങളിൽ നിന്നും യുക്രെയ്‌നികൾ ഖേഴ്‌സണിൽ എത്തുന്നതായാണ് വിവരം.
റഷ്യ പതിറ്റാണ്ടുകൾക്കു മുന്നേ ആക്രമിച്ച് സ്വന്തമാക്കിയ ക്രിമിയയുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഖേഴ്‌സൺ എന്നതും റഷ്യയ്‌ക്ക് കാര്യങ്ങൾ എളുപ്പമാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ സൈന്യവും-പ്രദേശവാസികളും ചേർന്നുള്ള സംയുക്ത ഭരണ സംവിധാനമാണ് ഖേഴ്സ്ണിൽ രൂപീകരിച്ചിട്ടുള്ളത്.
Comments