ബംഗലൂരു: ആദർശ രാഷ്ട്രീയത്തിലെ വനിതാ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. റെയ്ച്ചൽ മത്തായിയെന്ന് ഗോവ ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള. ബംഗലൂരു സെന്റ് അഗസ്റ്റ്യൻ ചാപ്പലിൽ എത്തി റെയ്ച്ചൽ മത്തായിയുടെ ഭൗതിക ദേഹത്തിൽ പുഷ്പ ചക്രം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അധികാരത്തിന്റെ വിദൂരതയിൽപ്പോലും എത്തിപ്പെടാത്ത കാലഘട്ടത്തിൽ പാർട്ടി തത്വശാസ്ത്രത്തെ നെഞ്ചിലേറ്റി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു ഡോ. റെയ്ച്ചൽ മത്തായിയുടേത്. മുരളി മനോഹർ ജോഷിക്കൊപ്പം അവർ ഏകതായാത്രയിൽ പങ്കെടുത്തു. ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തിയ സംഘത്തിലെ ഏക വനിതാ അംഗമായിരുന്നു അവർ.
പാർട്ടി ആദർശം മുറുകെ പിടിച്ച് പൊതുപ്രവർത്തനത്തിൽ മുഴുകിയിരുന്ന ധീര വനിതയായിരുന്നു ഡോ. റെയ്ച്ചൽ മത്തായി. സ്ഥാനമാനങ്ങൾക്കായി ഒരിക്കലും ആദർശത്തെ പണയം വെക്കാത്ത വ്യക്തിത്വമായിരുന്നു അവരുടേത്. സംശുദ്ധ രാഷ്‌ട്രീയത്തിന് ജീവിതം സമർപ്പിക്കാനാഗ്രഹിക്കുന്ന പൊതുപ്രവർത്തകർക്ക് ഈ കാലഘട്ടത്തിലെ മികച്ച മാതൃകയാണ് ഡോ. റെയ്ച്ചൽ മത്തായിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
















Comments