ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി. മമത ബാനർജി വിളിച്ചു ചേർത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല. അയോദ്ധ്യയിൽ പോകുന്നതിനാലാണ് ഉദ്ധവ് പങ്കെടുക്കാത്തത് എന്നാണ് ശിവസേന നൽകുന്ന വിശദീകരണം.
ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ഡൽഹിയിലാണ് മമത യോഗം വിളിച്ചിരിക്കുന്നത്. എട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാരെയാണ് മമത യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ 22 പ്രതിപക്ഷ പാർട്ടി നേതാക്കളെയും മമത യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ജൂൺ 15ന് വൈകുന്നേരം 3.00 മണിക്കാണ് യോഗം.
അതേസമയം രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎ ക്യാമ്പിൽ തത്കാലം ആശങ്കയ്‌ക്ക് വകയില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം നേടിയ ബിജെപി മികച്ച ആത്മവിശ്വാസത്തിലാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെയും രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്.
10.86 ലക്ഷം ഇലക്ടറൽ കോളേജ് വോട്ടുകളാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെടുന്നത്. ഇതിൽ 48 ശതമാനം വോട്ടുകളും എൻഡിഎ ക്യാമ്പിൽ സുഭദ്രമാണ്. വൈ എസ് ആർ കോൺഗ്രസ്, ബിജെഡി തുടങ്ങിയ പാർട്ടികളുടെ പിന്തുണയും ബിജെപി ഉറപ്പിച്ചാൽ പ്രതിപക്ഷത്തിന്റെ സ്വപ്നങ്ങൾ ഒരിക്കൽക്കൂടി പൊലിയും.
















Comments