പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. ഈ മാസം അവസാനം അദ്ദേഹം യുഎഇ സന്ദർശനം നടത്തുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനിയിലേക്കുള്ള യാത്രക്കിടെയാകും പ്രധാനമന്ത്രി യുഎഇയിൽ എത്തുക.
ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്സിലെ ഷ്ലോസ് എൽമാവുവിലാണ് ജി7 ഉച്ചകോടി. യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉന്നതതല സന്ദർശനങ്ങൾ ഇടയ്‌ക്കിടെ നടക്കുന്നുണ്ട്. 2019 ഓഗസ്റ്റിലായിരുന്നു പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദർശിച്ചത്. അന്ന് അദ്ദേഹത്തെ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’നൽകി രാജ്യം ആദരിച്ചു. യുഎഇയിൽ ‘റുപേ കാർഡ്’ ഔദ്യോഗികമായി പുറത്തിറക്കുന്നതിനും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തെ അനുസ്മരിക്കുന്ന ഒരു കൂട്ടം സ്റ്റാമ്പുകളുടെ പ്രകാശനത്തിനും പ്രധാനമന്ത്രി അന്ന് സാക്ഷ്യം വഹിച്ചു. 2015ലും 2018ലും പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രി ഈ വർഷം ആദ്യം യുഎഇയിലേക്ക് പോകുമെന്നും ദുബായ് എക്സ്പോയിലെ ‘ഇന്ത്യ പവലിയൻ’ സന്ദർശിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാർ(എഫ്ടിഎ) ഒപ്പുവെച്ചതിനാൽ ഈ വർഷം ഇരു രാജ്യങ്ങൾക്കും സുപ്രധാനമാണ്. ഇന്ത്യയുമായി ഇതുവരെ എഫ്ടിഎ ഒപ്പുവെച്ച ഒരേയൊരു രാജ്യമാണ് യുഎഇ. ഈ വർഷം ഒപ്പുവച്ച എഫ്ടിഎ കരാർ, നിക്ഷേപം, ബഹിരാകാശം, ഊർജ ഇടപാടുകൾ എന്നിങ്ങനെ നിരവധി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
















Comments