അമരാവധി: പബ്ജി കളിയില്‍ തോറ്റതിന്റെ പേരില്‍ പതിനഞ്ചുക്കാരന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ മിച്ചലിപട്ടണത്തിലാണ് സംഭവം. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. സെക്ഷന്‍ 174 പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം 11 ന് രാത്രി പബ്ജി കളിക്കുകയായിരുന്നു.കളിയില്‍ പരാജയപ്പെടുകയും മറ്റു കുട്ടികള്‍ കളിയാക്കുകയുമായിരുന്നു. കളിയില്‍ ഏര്‍പ്പെടുന്നതിന് പിതാവ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പബ്ജി മരണങ്ങള്‍ കൂടുന്നതായി പോലീസ് വ്യക്തമാക്കി. പബ്ജിയുടെ ഒറിജിനല്‍ വേര്‍ഷനു 2020 സെപ്റ്റംബര്‍ മുതല്‍ വിലക്ക് ഉള്ളതാണ്. ബാറ്റില്‍ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ),പബ്ജി ന്യൂ സ്റ്റേറ്റ് തുടങ്ങിയ വേര്‍ഷനുകള്‍ക്ക് വിലക്ക് ബാധകമല്ല. ഈ വേര്‍ഷനുകളാണ് ഇപ്പോള്‍ കളിക്കുന്നത്.
പബ്ജിയുടെ പേരില്‍ ഉണ്ടാവുന്ന രണ്ടാമത്തെ മരണം ആണിത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പബ്ജി കളിക്കുന്നതിന് വിലക്കിയതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. മൃതദേഹം രണ്ട് ദിവസം മുറിയില്‍ സൂക്ഷിക്കുകയും സഹോദരിയെ മറ്റൊരു മുറിയില്‍ പൂട്ടിയിടുകയും ചെയ്യുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാനായി സുഹൃത്തിന് 5,000 രൂപ നല്‍കുകയും ചെയ്തു.
ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളുടെ മാനസിക നിലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും ഉല്‍കണ്ഠയും ഇത്തരം കുട്ടികളില്‍ കൂടുതലാണ്.കഴിഞ്ഞ വര്‍ഷം, പബ്ജി നിരോധിക്കണമെന്ന് അരുണാചല്‍ പ്രദേശ് എം പി പ്രധാനമന്ത്രിയോട് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു.
Comments