ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. നിയമന നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ആറ് മാസങ്ങൾക്ക് മുൻപ് ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ചിരുന്നു. നിയമന നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സേനാവിഭാഗങ്ങളുടെ സർവീസ് ചട്ടങ്ങൾ കേന്ദ്ര സർക്കാർ അടുത്തയിടെ ഭേദഗതി ചെയ്തിരുന്നു. ലെഫ്റ്റ്നന്റ് ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരെയും ഇനി മുതൽ സിഡിഎസ് ആയി നിയമിക്കാം. ത്രീ സ്റ്റാർ/ ഫോർ സ്റ്റാർ പദവികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയും പദവിയിലേക്ക് പരിഗണിക്കാം. ഉദ്യോഗസ്ഥർ നിശ്ചിത പ്രായപരിധിക്കുള്ളിൽ നിൽക്കുന്നവർ ആയിരിക്കണം.
സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിർത്തുക എന്നതും സിഡിഎസിന്റെ ചുമതലയാണ്. മേക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് പദ്ധതികളുടെയും ചുമതലയും സംയുക്ത സൈനിക മേധാവിക്കായിരിക്കും.
രാജ്യത്തിന്റെ ഉന്നത സൈനിക ഘടനയിലെ ശക്തമായ പരിഷ്കരണ നടപടിയായിരുന്നു സംയുക്ത സേനാ മേധാവിയെ നിയമിക്കാനുള്ള തീരുമാനം. 2019ൽ, നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്ന് ആറ് മാസത്തിനുള്ളിലായിരുന്നു ആദ്യ നിയമനം.
















Comments