ന്യൂഡൽഹി: യുക്രെയ്നെ ആക്രമിച്ച് മുന്നേറുമ്പോഴും റഷ്യയുടെ വാണിജ്യമേഖലയെ തകരാതെ പിടിച്ചുനിർത്തുന്നത് കമ്പോള ഭീമന്മാരായ ഇന്ത്യയും ചൈനയുമെന്ന് റിപ്പോർട്ട്. ആഗോള ഉപരോധം വഴി യൂറോപ്പും സമീപകാലത്ത് ജപ്പാനും നീങ്ങിയിട്ടും റഷ്യയ്‌ക്ക് കൂസലില്ല. ഇന്ത്യയും ചൈനയും റഷ്യയുടെ വാണിജ്യ താൽപ്പര്യങ്ങളെ തള്ളുന്നില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
യൂറോപ്പും അമേരിക്കയും കടുത്ത ശത്രുത പുലർത്തുന്ന റഷ്യയും ചൈനയും പക്ഷെ നിർണ്ണായക അവസരത്തിൽ ഇന്ത്യയെ തള്ളുന്നില്ലെന്നതാണ് അമേരിക്കയെ അമ്പരപ്പി ക്കുന്നത്. എല്ലാ രാജ്യങ്ങളേയും വാണിജ്യ-വിദേശകാര്യ ബന്ധത്തിൽ തുറന്ന മനസ്സോടെ ചേർത്ത് നിർത്താൻ ഇന്ത്യയ്‌ക്കാവുന്നു എന്നത് റഷ്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇതിന് ഉപകരമായി ചൈന പ്രതിരോധ രംഗത്ത് ഇന്ത്യയെ വെല്ലുവിളിക്കുമ്പോൾ റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയാണ്.
ആഗോള ഇന്ധന വിൽപ്പനയിൽ ഇന്ത്യയിലേയ്‌ക്കും ചൈനയിലേയ്‌ക്കുമായി 49 ശതമാനവും ഇന്ധനം യാതൊരു നിയന്ത്രണവുമില്ലാതെ നൽകാനാവുന്നതിന്റെ ആശ്വാസത്തിലാണ് റഷ്യ. അതേ സമയം ഇന്ത്യയും ചൈനയും ഗൾഫ് രാജ്യങ്ങളെ കാര്യമായി ആശ്രയിക്കാതെ നീങ്ങാൻ തീരുമാനിച്ചതും പുടിന് ഗുണമാവുകയാണ്. പരമാവധി വിലകുറപ്പിച്ച് ഇന്ധനം എത്തിക്കാൻ ഇന്ത്യ നടത്തിയ നയതന്ത്രം വിജയിക്കുകയും ചെയ്തു.
ജൂൺ മാസം ആദ്യവാരത്തിൽ പ്രതിദിനം 4 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യ കയറ്റി വിട്ടത്. ഇതിൽ രണ്ട് ദശലക്ഷവും ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമായിരുന്നു. ചൈന റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് കണക്ക്. അതേ സമയം ഇന്ത്യയാകട്ടെ റഷ്യയെ യൂറോപ്പ് ഉപരോധിച്ചതോടെ എണ്ണ വാങ്ങുന്നത് 1 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്കാണ് പൊടുന്നനെ ഉയർത്തിയത്.
ഇന്ത്യയ്‌ക്ക് എണ്ണ നൽകുന്ന രാജ്യങ്ങളിൽ ഇറാഖിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്കാണ് മെയ് മാസത്തിൽ റഷ്യ എത്തിയത്. സൗദിയെ മറികടന്നു എന്നതും ഗൾഫ് മേഖലയിലെ എണ്ണ ഇറക്കുമതിയിൽ നിർണ്ണായകമാവുകയാണ്.
















Comments