ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങുന്നതിന് മുൻപേ പരിഹാസ്യമാകുന്നു. മമതയുടെ യോഗത്തിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് ടി ആർ എസ് അറിയിച്ചു. ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കുന്നില്ല.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. ശരദ് പവാറിനെ പ്രതിപക്ഷ രാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള പ്രതിപക്ഷ നീക്കം, അദ്ദേഹം താത്പര്യക്കുറവ് അറിയിച്ചതോടെ പാളിയിരുന്നു.
നവീൻ പട്നായിക്കിന്റെ ബിജു ജനതാദളും, ശിരോമണി അകാലിദളും യോഗത്തിൽ പങ്കെടുക്കില്ല. ജനതാദൾ എസ്, പിഡിപി, ഡിഎംകെ, സമാജ് വാദി പാർട്ടി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. സിപിഐയും സിപിഎമ്മും പങ്കെടുക്കാനാണ് സാദ്ധ്യത.
അതേസമയം, രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ തയ്യാറെടുപ്പുകൾ ശക്തമാക്കി മുന്നോട്ട് പോകുകയാണ് എൻഡിഎ. ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. 10.86 ലക്ഷം ഇലക്ടറൽ കോളേജ് വോട്ടുകളാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെടുന്നത്. ഇതിൽ 48 ശതമാനം വോട്ടുകളും എൻഡിഎ ക്യാമ്പിൽ സുഭദ്രമാണ്. വൈ എസ് ആർ കോൺഗ്രസ്, ബിജെഡി തുടങ്ങിയ പാർട്ടികളുടെ പിന്തുണയും ബിജെപി ഉറപ്പിച്ചാൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാൻ എൻഡിഎക്ക് നിഷ്പ്രയാസം സാധിക്കും.
















Comments