ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്നിപഥ്‘ പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്ന യുവാക്കൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴയുമായി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും. പദ്ധതി പ്രകാരം സേവന കാലാവധി പൂർത്തിയാക്കുന്നവർക്ക് അർദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനത്തിന് മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം.
യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ ഭാഗമാണ് അഗ്നിപഥ് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സായുധ സേനയെ ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാക്കി മാറ്റാനുള്ള ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്നിപഥ്. 17.5 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്കാണ് പദ്ധതി പ്രകാരം സൈനിക സേവനത്തിന് അവസരം.
പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കും. ‘അഗ്നിപഥ്‘ പദ്ധതി പ്രകാരം നിയമിതരാകുന്ന സേനാംഗങ്ങളെ അഗ്നിവീരന്മാർ എന്നാകും വിളിക്കുക. പെൺകുട്ടികൾക്കും പദ്ധതിയുടെ ഭാഗമാകാം.
അഗ്നിപഥ് പദ്ധതി പ്രകാരമുള്ള ആദ്യ റിക്രൂട്ട്മെന്റ് റാലി വരുന്ന 90 ദിവസങ്ങൾക്കുള്ളിൽ നടക്കും. 45,000 പേർക്കാണ് ആദ്യ ഘട്ടത്തിൽ നിയമനം. ഏകീകൃത ഓൺലൈൻ സംവിധാന പ്രകാരമായിരിക്കും നിയമന നടപടികൾ. 2023 ജൂലൈ മാസത്തോടെ ആദ്യ ബാച്ച് സേവനം ആരംഭിക്കും. മികച്ച ശമ്പളവും ഇൻഷുറൻസ് പരിരക്ഷയും അഗ്നിവീരന്മാർക്ക് ലഭിക്കും.
‘അഗ്നിപഥ്‘ പദ്ധതി പ്രകാരം 4 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുമെന്ന് നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കിയിരുന്നു. സർക്കാർ ഇതര ജോലികളിൽ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments