ന്യൂഡൽഹി : അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തും. ജൂൺ 18 ന് 100-ാം ജൻമദിനം ആഘോഷിക്കുന്ന ഹീരാബെൻ മോദിയ്‌ക്ക് ആശംസകൾ നേരാനാണ് പ്രധാനമന്ത്രി തന്റെ ജന്മനാടായ ഗാന്ധിനഗറിൽ നേരിട്ടെത്തുന്നത്. വഡ്നഗറിലെ ഹട്കേശ്വർ ക്ഷേത്രത്തിൽ അന്ന് പ്രത്യേക പൂജകളും നടക്കും.
മാർച്ച് 11 ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അഹമ്മദാബാദിൽ ചെന്ന് അമ്മയെ കണ്ടിരുന്നു. കൊറോണ മഹാമാരി കാരണം രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അന്ന് അദ്ദേഹം അമ്മയെ കണ്ടത്.
ജൂൺ 18ന് നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി തന്റെ വഡോദര സന്ദർശന വേളയിൽ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുൾപ്പെടെ 4 ലക്ഷത്തോളം ആളുകളെ അഭിസംബോധന ചെയ്യും. സർദാർ എസ്റ്റേറ്റിന് സമീപമുള്ള ലെപ്രസി ആശുപത്രിയിലാണ് പരിപാടി നടക്കുക.
വേദിയിൽ ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. റോഡുകളുടെ കാർപെറ്റിങ്, പാർക്കിങ് സൗകര്യം, അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയും അന്തിമഘട്ടത്തിലാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ സംഘത്തെയും വിന്യസിക്കുന്നുണ്ട്.
ഒരു മാസത്തിനിടെ മോദിയുടെ രണ്ടാമത്തെ ഗുജറാത്ത് സന്ദർശനമാണിത്. ജൂൺ 10 ന് തന്റെ സന്ദർശന വേളയിൽ അദ്ദേഹം വനവാസി മേഖലയായ നവസാരിയിൽ 3,050 കോടി രൂപയുടെ 7 പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും മേഖലയിലെ ജലവിതരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മറ്റ് 14 പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു.
















Comments