ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോട രാഷ്‌ട്രീയ പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. മൂന്ന് ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യൽ താൽക്കാലികമായി അവസാനിപ്പിച്ച ഇഡി വെളളിയാഴ്ച വീണ്ടും ഹാജരാകാൻ രാഹുലിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നും നാളെയും പ്രതിഷേധം നടത്താൻ കോൺഗ്രസ് ഒരുങ്ങുന്നത്.
രാജ് ഭവന് മുൻപിലും കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുൻപിലും പ്രതിഷേധങ്ങൾ നടത്താനാണ് ആഹ്വാനം. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തിലൂടെ ഇക്കാര്യം സംസ്ഥാന ഘടകങ്ങളെ അറിയിച്ചു കഴിഞ്ഞു. യാതൊരു തെളിവും വസ്തുതകളുമില്ലാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വ്യക്തിവൈരാഗ്യത്തിനും രാഷ്‌ട്രീയ പകപോക്കലിനും ഉപയോഗിക്കുകയാണെന്നാണ് കത്തിലെ ആരോപണം. വ്യാഴാഴ്ച രാവിലെ 11 ന് രാജ്ഭവന് മുൻപിൽ പ്രതിഷേധിക്കണം. വെളളിയാഴ്ച എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലും പ്രതിഷേധം സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി എഐസിസി ആസ്ഥാനത്തെ കേന്ദ്ര ഏജൻസികൾ അവരുടെ കോട്ടയാക്കി മാറ്റിയെന്നും ഓഫീസ് ചുമതലയുളളവർക്കും മുതിർന്ന നേതാക്കൾക്കും പോലും അവിടെ പ്രതിഷേധം നിഷേധിച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ കത്തിൽ പറയുന്നു. പ്രതിഷേധം നടത്തിയ നേതാക്കളെയും പോലീസ് വളരെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും ആരോപിക്കുന്നുണ്ട്.
എഐസിസി ആസ്ഥാനത്ത് വരെ കടന്നുകയറി പാർട്ടി പ്രവർത്തകരെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. നീതിക്കായുളള പോരാട്ടത്തിൽ എല്ലാ പ്രവർത്തകരും ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും കത്തിൽ പറയുന്നു.
















Comments