തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് നടുറോഡിൽ വിദ്യർത്ഥിക്ക് മർദ്ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വൺ വിദ്യാർത്ഥി ഡാനിയേലിനാണ് മർദ്ദനമേറ്റത്. ബസ് സ്റ്റോപ്പിൽ ഇരുന്ന കുട്ടിയെ ഇരുപതോളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിലേക്കെത്തിച്ചത്. ഇന്നലെയാണ് സംഭവം നടന്നതെന്നാണ് വിവരം.
സഹപാഠികളിലൊരാളാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് ഡാനിയേൽ നൽകുന്ന മൊഴി. സഹപാഠികളും പൂർവ്വ വിദ്യാർത്ഥികളും പുറത്ത് നിന്നുള്ള ചില വിദ്യാർത്ഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഡാനിയേലും സുഹൃത്തും ബസ് കാത്ത് നിൽക്കുമ്പോൾ ഇവർ മർദ്ദിക്കുകയായിരുന്നു.
ഡാനിയേലിന്റെ സുഹൃത്തുമായി ഈ വിദ്യാർത്ഥികളിൽ ചിലർക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഡാനിയേലിനേയും ഇവർ മർദ്ദിച്ചത്. ഡാനിയേൽ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തലയ്‌ക്കും കൈക്കുമുൾപ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ബന്ധുക്കൾ തന്നെ മെഡിക്കൽ കോളേജ് പോലീസിനേയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ സംഭവം നടന്നത് പേരൂർക്കട സ്റ്റേഷൻ പരിധിയിലാണെന്നാണ് മെഡിക്കൽ കോളേജ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ കേസ് അവിടേക്ക് കൈമാറാനാണ് സാധ്യത.
















Comments