ന്യൂഡൽഹി: പ്രാവാചക വിവാദം ആയുധമാക്കി കലാപത്തിന് ആസൂത്രണം നൽകിയ 72 കാരൻ അറസ്റ്റിൽ.ഡൽഹിയിൽ ജുമാ മസ്ജിദിന്റെ സമീപ പ്രദേശത്ത് താമസിക്കുന്ന അൻവറുദ്ദീൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്. സിപിആർപിസി സെക്ഷൻ 41 പ്രകാരമാണ് കേസെടുത്തത്.
വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാൾ കലാപാഹ്വാനം നടത്തിയത്. ജൂൺ പത്തിന് നമസ്‌കാരത്തിന് ശേഷം ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തെ പിന്തുണച്ച് കടകൾ അടപ്പിക്കാൻ കടയുടമകളെ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. ജൂൺ പത്തിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളടക്കം 10 ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച് പ്രദേശത്ത് സാമുദായിക അസ്വാരസ്യം വളർത്തിയതിന് ഐപിസി 153 എ വകുപ്പും എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്വേത ചൗഹാൻ വ്യക്തമാക്കി.
പ്രവാചകവിവാദം ആയുധമാക്കി രാജ്യത്തുടനീളം കലാപത്തിനായുള്ള ശ്രമമാണ് മതമൗലികവാദികൾ നടത്തുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം പ്രതിഷേധമെന്ന പേരിൽ തടിച്ച് കൂടിയ മതമൗലികവാദികൾ അക്രമാസക്തരായി തെരുവിൽ അഴിഞ്ഞാടുകയായിരുന്നു.
Comments